News

നിപയും എം പോക്‌സും; മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍

മലപ്പുറം: നിപയും എം പോക്‌സും സ്ഥിരീകരിച്ചത്തോടെ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ മലപ്പുറത്ത് തുടരുന്നു. മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ആശ്വാസമായിട്ടുണ്ട്. എം പോക്‌സില്‍ നിലവില്‍ നാട്ടിലെ സമ്പര്‍ക്കപ്പട്ടികയില്‍ 23 പേരാണ് ഉള്ളത്. എം പോക്‌സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും മനസിലാക്കിയിട്ടുണ്ട്. നിലവില്‍ ഇവരെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എം പോക്‌സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്താണ് എംപോക്സ്?

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

രോഗ പകര്‍ച്ച

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button