Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോസ്റ്റിനെതിരെ പ്രചാരണം : കേസെടുത്ത് സൈബര്‍ പൊലീസ്

കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് സൈബർ പോലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകമാറ്റി ചിലവഴിച്ചതും അതിൽ നിന്ന് തട്ടിപ്പ് നടത്തിയതും ചൂണ്ടിക്കാട്ടി പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.

സാമൂഹ്യമാധ്യമമായ എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്.

തെറ്റിധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

തെറ്റിദ്ധരിപ്പിക്കുന്നതും ദുരന്തനിവാരണ ശ്രമങ്ങള്‍ക്ക് തടസമാകുന്നതുമായ തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടോയെന്ന് അറിയാന്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button