മലപ്പുറം: പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനുവദിക്കാതിരുന്ന കമ്പനിക്കെതിരെ നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ നല്കാന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി വേലായുധന് നായര്‍ നല്കിയ പരാതിയില്‍ ഫ്യൂച്ചര്‍ ജനറാലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് വിധി.
Read Also: ഒപ്പൊ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു, യുവാവിന് പൊള്ളലേറ്റു: സംഭവം കാസര്‍കോട്
84 വയസുള്ളപ്പോഴാണ് വേലായുധന് നായര്‍ 60,694 രൂപ നല്കി ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. ഈ പോളിസി പ്രാബല്യത്തിലുള്ളപ്പോള്‍ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും തുക അനുവദിച്ചില്ല. പോളിസി എടുത്ത കാലത്തു തന്നെ രക്തസമ്മര്‍ദ്ദമുണ്ടായിരുന്നയാളാണെന്നും അത് മറച്ചുവെച്ചാണ് പോളിസി എടുത്തതെന്നുമായിരുന്നു കമ്പനിയുടെ വാദം. അതുകൊണ്ട് ഇന്‍ഷൂറന്‍സ് നല്‍കാനാവില്ലെന്നും കമ്പനി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. ആശുപത്രിയിലെ ചികില്‍സാ ചെലവുകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി സമര്‍പ്പിച്ചത്.
84 വയസ്സുള്ളയാള്‍ക്ക് മെഡിക്കല്‍ പരിശോധന കൂടാതെ ഇന്‍ഷുറന്‍സ് അംഗത്വം നല്കിയ ശേഷം ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് കമ്മീഷന് വിധിച്ചു. പ്രായം പരിഗണിച്ചു നല്കുന്ന ഇത്തരം പോളിസികള്‍ ജീവിതശൈലീ രോഗങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് നിഷേധിക്കുന്നത് സേവനത്തിലുള്ള വീഴ്ചയാണെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
ചികില്‍സാ ചെലവിലേക്ക് 2,37,274 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം നല്‍കണം. ഹര്‍ജി തീര്‍പ്പുകല്‍പ്പിക്കും മുമ്പ് പരാതിക്കാരനായ വേലായുധന് നായര്‍ മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ അവകാശികള്‍ക്കാണ് തുക നല്‍കേണ്ടതെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും, പ്രീതി ശിവരാമന്, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. ഇതില്‍ വീഴ്ച വന്നാല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണം.
Post Your Comments