കൊച്ചി : എറണാകുളം ലോ കോളജിലെ പഞ്ചവത്സര ബി.എ ക്രിമിനോളജി വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. കോഴ്സിന് യു.ജി.സി അംഗീകാരമില്ലെന്നും അഭിഭാഷകരായി എന്റോള്‍ ചെയ്യാനാവില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായത്. ആദ്യ ബാച്ച് പഠിച്ചിറങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അംഗീകാരമില്ലാത്തെ വിവരം വിദ്യാര്‍ഥികള്‍ അറിയുന്നത്.
അംഗീകാരം ലഭിക്കുമെന്ന ലോ കോളജ് അധികൃതരുടെ ഉറപ്പില്‍ തങ്ങള്‍ വിശ്വസിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഗവണ്മെന്റ് കോളജ് ആയതിനാല്‍ ശരിയാകുമെന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരീക്ഷകള്‍ മുടങ്ങിയിരിക്കുകയാണ്. എട്ട് സെമസ്റ്റര്‍ പരീക്ഷ നടന്നതില്‍ മൂന്ന് സെമസ്റ്ററുകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ പ്രകാരം പഞ്ചവല്‍സര എല്‍.എല്‍.ബി വിദ്യാര്‍ഥികള്‍ ആദ്യമൂന്ന് വര്‍ഷം നിര്‍ബന്ധമായും പ്രീ ലോ പേപ്പറുകള്‍ പഠിക്കേണ്ടതുണ്ട്. എന്നാല്‍ ക്രിമിനോളജി പഠിച്ച വിദ്യാര്‍ഥികള്‍ പഠിച്ച പ്രീ ലോ പേപ്പറുകളായ ഫോറന്‍സിക് സയന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ലോ പേപ്പര്‍ ആണെന്നും അവ പ്രീ ലോയല്ലെന്നും ബാര്‍ കൗണ്‍സില്‍ പറയുന്നു. അതുകൊണ്ടു തന്നെ ഈ കോഴ്സ് അംഗീകരിക്കാന്‍ സാധിക്കില്ലയെന്നാണ് കൗണ്‍സിലിന്റെ വിശദീകരണം. കോഴ്സിന് യു.ജി.സി അംഗീകാരമില്ലാതിരുന്നിട്ടും എം.ജി സര്‍വകലാശാല സര്‍ക്കാര്‍ ലോ കോളേജിലടക്കം ക്രിമിനോളജി ഐച്ഛിക വിഷയമാക്കി മാറ്റിയിട്ടുണ്ട്.
എറണാകുളം ലോ കോളജില്‍ മാത്രം 2016 വരെ അഞ്ച് ബാച്ചിലായി 400 ഓളം വിദ്യാര്‍ഥികളാണ് ഈ വിഷയം പഠിക്കുന്നത്. എം.ജി യൂണിവേഴ്സിറ്റിക്ക് കീഴില്‍ മാത്രമാണ് ഇത്തരത്തില്‍ കോഴ്സ് ആരംഭിച്ചിട്ടുള്ളത്. എം.ജി സര്‍വകലാശാലയുടെ കീഴില്‍ പൂത്തോട്ട എസ്.എന്‍ ലോ കോളേജ്, ഭാരതമാത ലോ കോളജ് ആന്‍ഡ് ലീഗല്‍ സ്റ്റഡീസ് ആലുവ, അല്‍ അസ്ഹര്‍ കോളജ് ഓഫ് ലോ തൊടുപുഴ, സി.എസ്.ഐ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് കോട്ടയം എന്നീ കോളജുകളിലും ഇതേ കോഴ്സ് നടത്തുന്നുണ്ട്. ഈ കോളജുകളിലെ വിദ്യാര്‍ഥികളുടെ ഭാവിയും പ്രതിസന്ധിയിലായിരിക്കുകയാണ്.
എറണാകുളം ലോ കോളേജില്‍ ബിരുദധാരികള്‍ക്ക് മൂന്നുവര്‍ഷം, അല്ലാത്തവര്‍ക്ക് അഞ്ചുവര്‍ഷം എന്ന നിലയിലാണ് എല്‍.എല്‍.ബി കോഴ്സുകള്‍ നടത്തുന്നത്. എന്നാല്‍ യുജിസി അംഗീകാരം ഇല്ലെന്ന് വന്നതോടെ പരീക്ഷകളെല്ലാം മുടങ്ങിയിട്ടുണ്ട്. ഇവ ഏഴുമാസത്തോളം വൈകിയിരിക്കുന്നു. നിലവിലുള്ള ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയാക്കാതെ അടുത്ത സെമസ്റ്റര്‍ പരീക്ഷ നടത്താനാവില്ലെന്ന നിലയിലാണ്.
Post Your Comments