ന്യൂഡല്‍ഹി: റായ്ബറേലി- അമേഠി സീറ്റു നിര്‍ണ്ണയത്തെ ചൊല്ലി കുടുംബത്തില്‍ ഭിന്നതയില്ലെന്ന് റോബര്‍ട്ട് വാദ്ര. അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വാദ്ര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതില്‍ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വിശദീകരണം.
അമേഠിയില്‍ തനിക്കു വേണ്ടി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നു എന്നാണ് റോബര്‍ട്ട് വാദ്ര നേരത്തെ അവകാശപ്പെട്ടത്. എന്നാല്‍ തീരുമാനം വന്നപ്പോള്‍ അമേഠിയില്‍ കിശോരിലാല്‍ ശര്‍മ്മ സ്ഥാനാര്‍ത്ഥിയായി. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനാണ് വാദ്ര പരസ്യമായി രംഗത്തെത്തിയത് എന്ന വ്യഖ്യാനവും ഉണ്ടായിരുന്നു. റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കുന്നതിനോട് സോണിയ ഗാന്ധി യോജിച്ചതില്‍ വാദ്ര ശക്തമായി പ്രതിഷേധിച്ചെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് റോബര്‍ട്ട് വാദ്ര കുടുംബത്തില്‍ ഭിന്നതയില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയത്തിലെ പദവികള്‍ക്ക് കുടുംബ ബന്ധത്തിന് ഇടയില്‍ വരാനാകില്ലെന്ന് റോബര്‍ട്ട് വാദ്ര പറയുന്നു. കുടുംബത്തില്‍ എല്ലാവരും ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി. പൊതുരംഗത്ത് നിന്ന് ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നത് പോലെ ശ്രമിക്കും എന്നും റോബര്‍ട്ട് വാദ്ര കുറിച്ചു.
രാഹുല്‍ പ്രിയങ്ക സോണിയ എന്നിവരുമായുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.
Post Your Comments