ചണ്ഡീഗഡ്: യോഗ ഒരു ജനകീയമുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കാനായി അടുത്ത യോഗദിനം മുതല്‍ രണ്ട് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും രണ്ടാമത് അന്താരാഷ്ട്ര യോഗദിനത്തില്‍ ചണ്ഡീഗഡില്‍ നടന്ന ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചണ്ഡീഗഡിലെ ക്യാപിറ്റോള്‍ കോപ്ലക്സില്‍ മുപ്പതിനായിരത്തോളം പേര് പങ്കെടുത്ത ചടങ്ങിനാണ് പ്രധാനമന്ത്രി നേതൃത്വം നല്‍കിയത്.
അന്താരാഷ്ട്ര യോഗദിനം എന്ന ആശയത്തിന് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. സാമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും യോഗയുടെ ഗുണഫലങ്ങള്‍ ഇന്ന് അംഗീകരിക്കുന്നുണ്ട്.
എന്നാല്‍ യോഗയുടെ ഗുണങ്ങള്‍ അംഗീകരിക്കാന്‍ ഇപ്പോഴും ചിലര്‍ തയ്യാറല്ല പ്രധാനമന്ത്രി പറഞ്ഞു.
നല്ല ആരോഗ്യത്തിനെന്ന പേരിലാണ് യോഗദിനം പ്രചരിക്കപ്പെട്ടത്, എന്നാല്‍ ഇപ്പോള്‍ അതൊരു ജനകീയമുന്നേറ്റമായി മാറിയിരിക്കുന്നു. യോഗ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നിലനില്ക്കുന്നില്ല. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും യോഗ ചെയ്യാവുന്നതാണ്. അവിടെ സാമ്പത്തികമോ സാമൂഹികമോ ആയ ഏറ്റകുറച്ചിലുകളില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്നിപ്പോള്‍ ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭിണികള്‍ യോഗ ചെയ്യുന്നതിനെ കൂടുതലായി പിന്തുണച്ചു വരികയാണ്. യോഗ ശീലമാക്കുക വഴി പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ സാധിക്കും.
ആഗോളതലത്തില്‍ യോഗയെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാവേണ്ടതെന്നും നല്ല യോഗയെ പ്രചരിപ്പിക്കാനും പഠിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായുള്ള ഈ യോഗകൂട്ടായ്മയില് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ പങ്കുചേരുന്നുണ്ട്. എല്ലാ ലോകരാഷ്ട്രങ്ങളും ഈ യോഗാകൂട്ടായ്മയുടെ ഭാഗമാക്കുന്നുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ലോകമെങ്ങും ഇന്ന് യോഗദിനം ആചരിക്കപ്പെടുന്നു.
സൂര്യനോട് ഭൂമി ഏറ്റവും അടുത്ത വരുന്ന ദിവസമാണ് ജൂണ്‍ 21 വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനം ഇക്കാരണം കൊണ്ടു തന്നെയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കപ്പെടുന്നതും മോദി വിശദമാക്കി.
വികസിതവികസ്വര രാഷ്ട്രങ്ങളും യോഗദിനത്തേയും യോഗയേയും ഒരു പോലെ പിന്തുണയ്ക്കുന്നുണ്ട്. മാനസിക സൗഖ്യമോ,ശാരീരിക സൗഖ്യമോ മാത്രമല്ല ആകെ സമൂഹത്തിന്റെ ആരോഗ്യസൗഖ്യമാണ് യോഗാദിനം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments