വയനാട്: പൂക്കോട് വെറ്റിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കേസിൽ സി.ബി.ഐ അന്വേഷണം. ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ദില്ലിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തി. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു.
അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. 29 മണിക്കൂറോളം സീനിയേഴ്സും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചിരുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകൾ. ഇതിന് ശേഷമാണ് സിദ്ധാര്‍ത്ഥനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിഐയ്ക്ക് കൈമാറിയ കേരള പോലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളും സഹപാഠികളും ചേര്‍ന്ന് ശാരീരികമായും മാനസികമായും സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ചെന്നും ഇതില്‍ മനംനൊന്താണ് സിദ്ധാര്ത്ഥന് ജീവനൊടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.
Post Your Comments