ന്യൂഡല്‍ഹി : ചരക്കു സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലായാല്‍ കമ്പനികള്‍ നല്‍കുന്ന ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ എന്ന ഓഫറുകള്‍ ഉണ്ടാകില്ലെന്ന് ആശങ്ക. ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം അനുമതി നല്‍കിയിരുന്നു. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. പാസാക്കിയാല്‍ 2017 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
ജിഎസ്ടി എത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന ഉല്‍പ്പന്നത്തിനു നികുതി അടയ്‌ക്കേണ്ടി വരും. ഇക്കാരണത്താല്‍ വ്യാപാരികള്‍ ഈ വാഗ്ദാനം ഇല്ലാതെയാക്കാനാണ് സാധ്യത. ജിഎസ്ടി നിയമത്തിന്റെ മൂന്നാം സെക്ഷനിലാണ് ഇതുസംബന്ധിച്ച പരമാര്‍ശമുള്ളത്.
ഇതനുസരിച്ച് സൗജന്യമായി ലഭിക്കുന്ന ഉല്‍പ്പന്നത്തിനും ജിഎസ്ടി അടയ്ക്കണം. സൗജന്യമായി നല്‍കുന്ന ഉല്‍പ്പന്നത്തില്‍ നേരിട്ടോ അല്ലാതെയോ നികുതി ചുമത്തുന്നത് വ്യാപാരികളെ വന്‍തോതില്‍ ബാധിക്കുമെന്ന് പ്രൈസ് വാട്ടര്‍ഹാസ് കൂപ്പേര്‍സിലെ ദേശീയ പരോക്ഷ നികുതി ഉദ്യോഗസ്ഥന്‍ പ്രതീക് ജയ്ന്‍ അഭിപ്രായപ്പെട്ടു.
സൂപ്പര്‍മാര്‍ക്കറ്റുകളിലും തുണിക്കടകളിലും മാളുകളിലുമൊക്കെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഏര്‍പ്പെടുത്തിയിരുന്ന ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ വില്‍പ്പന ഇതോടെ ഇല്ലാതായേക്കും. ബിസിനസ് പ്രമോഷന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്ന സാംപിളുകളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. മാത്രമല്ല, ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും ഈ നിയമം തിരിച്ചടിയാകും. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Post Your Comments