വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ടി.ജയപ്രകാശ്. സിദ്ധാർത്ഥന്റെ സുഹൃത്തുക്കൾ മാറ്റിനിർത്തി പറഞ്ഞ കാര്യങ്ങളാണ് പിതാവ് തുറന്ന് പറഞ്ഞത്. കുട്ടികളുടെ ജീവനു ഭീഷണിയുള്ളതിനാലാണ് അവരെ ഇതുവരെ ഞങ്ങൾ ഇതിലേക്കു വലിച്ചിഴയ്ക്കാത്തത്. ഇനി ആ കുട്ടികൾ പേടിക്കേണ്ട കാര്യമില്ലെന്നും ഈ സമൂഹം മുഴുവൻ അവർക്കൊപ്പം നിൽക്കുമെന്നും പിതാവ് പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
പിതാവിന്റെ വാക്കുകൾ :
അവന്റെ കൂടെ പഠിച്ച 4 പേരും സീനിയേഴ്സും ചേർന്നാണ് മർദ്ദിച്ച് അവശനാക്കി 3 ദിവസം വെള്ളം പോലും കൊടുക്കാതെ പാർപ്പിച്ച ശേഷം കുളിമുറിയിൽ കെട്ടിത്തൂക്കിയത്. ഇതു ഞാൻ ആരോപണമായി പറയുന്നതല്ല. കൂടെ പഠിച്ച കുട്ടികൾ ഇവിടെവന്ന് എന്റെ ചെവിയിൽ പറഞ്ഞതാണ്.
സിദ്ധാർഥന്റെ സംസ്കാരത്തിന് എത്തിയ സഹപാഠികളിൽ ചിലർ എന്നോടു സംസാരിക്കണമെന്നു പറഞ്ഞു. എന്നെ മാറ്റിനിർത്തി അവർ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ സഹിക്കാൻ പറ്റില്ല. പക്ഷേ, ആ കുട്ടികൾക്കു പേടിയാണ്. എന്തെങ്കിലും കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വച്ചേക്കില്ല എന്നാണ് അവിടത്തെ കായികാധ്യാപകൻ കുട്ടികൾക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഹോസ്റ്റലിൽ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ റാഗിങ് നടക്കാറുണ്ടെന്ന് അവൻ മുൻപു പറഞ്ഞിരുന്നു. എന്നാൽ, ഇത്രത്തോളം ഭീകരമായ അന്തരീക്ഷമാണ് അവിടെയെന്ന് ഇപ്പോഴാണു മനസ്സിലാകുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു പൂർത്തിയാക്കാൻ എനിക്കു കഴിഞ്ഞില്ല. മർദിച്ച് മൃതപ്രായനാക്കിയ ശേഷം 3 ദിവസം അവനു ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്നാണ് റിപ്പോർട്ട്. അവനു ഭക്ഷണം കഴിക്കാനല്ലേ ഞാൻ 15 വർഷം ഗൾഫിൽ പോയിക്കിടന്നു കഷ്ടപ്പെട്ടത്?
Post Your Comments