ന്യൂഡല്‍ഹി: കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മത്സരിക്കാന്‍ എഐസിസി നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സുധാകരന്‍ ഇല്ലെങ്കില്‍ ജയസാധ്യത കുറവെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇതോടെ കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംപിമാരും മത്സരത്തിനിറങ്ങുമെന്ന് ഉറപ്പായി.
മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കെ.സുധാകരന്‍ ഒടുവില്‍ കണ്ണൂരില്‍ തുടര്‍ച്ചയായ നാലാം പോരാട്ടത്തിന് ഒരുങ്ങുകയാണ്. എം.വി.ജയരാജന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായതും സാമുദായിക സമവാക്യങ്ങളും തീരുമാനത്തെ സ്വാധീനിച്ചു. സുധാകരന്‍ മാറിയാല്‍ പകരം വന്ന പേരുകള്‍ക്ക് ജയസാധ്യത കുറവെന്ന് ജില്ലാ, സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.
എം.വി ജയരാജന് എതിരെ, ജില്ലയ്ക്ക് പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥി വന്നാല്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായി.
കേഡര്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിനെതിരെ കരുത്തന്‍ തന്നെ വേണമെന്നും നിശ്ചയിച്ചു. ഈഴവ വിഭാഗത്തില്‍ നിന്നാകണം സ്ഥാനാര്‍ത്ഥിയെന്ന് കൂടി വന്നതോടെ സുധാകരനായി സമ്മര്‍ദ്ദമേറുകയായിരുന്നു.
കണ്ണൂരില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ട് തവണ ജയിച്ചുകയറിയ സുധാകരന്‍ 2014ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് പി.കെ.ശ്രീമതിയോട് തോറ്റത്. കണ്ണൂര്‍ സീറ്റിലും തീരുമാനമായതോടെ സംസ്ഥാനത്തെ 19 സീറ്റുകളിലും മത്സരചിത്രവും തെളിഞ്ഞു. ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയിലാണ് സസ്‌പെന്‍സ് തുടരുന്നത്.
Post Your Comments