ജിദ്ദ: സൗദിയില്‍ വീണ്ടും നിതാഖാത് വരുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാനുള്ള നിതാഖാത് പദ്ധതി പരിഷ്കരിച്ച രൂപത്തില്‍ വീണ്ടും നടപ്പിലാക്കാനാണ് സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം ഒരുങ്ങുന്നത്. സന്തുലിത നിതാഖാത് എന്ന പേരില്‍ അടുത്തയാഴ്ച പദ്ധതി പ്രഖ്യാപിയ്ക്കും.
സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമായാല്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടമായേക്കും. എണ്ണയിതര മേഖലകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന് അനുഗുണമായി തൊഴില്‍ മേഖലയിലെ സ്വദേശികളുടെ പ്രാതിനിധ്യവും വര്‍ധിപ്പിയ്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിയ്ക്കും പ്രഖ്യാപനം.
സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം മാത്രം പരിഗണിച്ചുകൊണ്ട് സ്വദേശികളെ ഉള്‍പ്പെടുത്തുന്ന മുന്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിയ്ക്കും നിതാഖാത്. തൊഴില്‍ തസ്തികകളും സൗദി തൊഴിലാളികളുടെ എണ്ണവും താരതമ്യം ചെയ്താകും പുതിയ പദ്ധതി നടപ്പിലാക്കുക. സ്വദേശി തൊഴിലാളികളുടെ എണ്ണം, ശരാശരി വേതനം, തസ്തികകളുടെ സുസ്ഥിര സ്വഭാവം എന്നിവ പരിഗണിച്ചാകും നിയമനം.
സൗദിയുടെ വിഷന്‍ 2030 ല്‍ ഉള്‍പ്പെടുത്തിയ തൊഴില്‍ രംഗത്തെ 30 ശതമാനം സ്ത്രീ സാന്നിധ്യമെന്ന ലക്ഷ്യം കൈവരിയ്ക്കുകയെന്നത് സന്തുലിത നിതാഖാതിന്റെ ലക്ഷ്യമായിരിയ്ക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ മുഫരിജ് അല്‍ ഹാഖബാനി പറഞ്ഞു.
സ്വദേശി വത്ക്കരണത്തില്‍ തിരിമറി നടത്തുന്ന അവസാനിപ്പിയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി. മൊബൈല്‍ കടകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കിയതിനെത്തുടര്‍ന്ന് ഏറെ ആഘാതമേറ്റ മലയാളി സമൂഹം സന്തുലിത നിതാഖാത് എങ്ങനെ ബാധിയ്ക്കുമെന്ന ആശങ്കയിലാണ്.
Post Your Comments