കൊച്ചി: ജിഷ കൊല ചെയ്യപ്പെട്ട ദിവസം വീട്ടില്‍ എത്തിയ അജ്ഞാത സന്ദര്‍ശകന്റെ സി.സി.ടിവി ദൃശ്യം അവ്യക്തമെന്ന് അന്വേഷണസംഘം. മഞ്ഞ ഷര്‍ട്ട് ധരിച്ച ഇയാളുടെയും ജിഷയുടെയും മുഖങ്ങള്‍ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞില്ല. കഴുത്തു മുതല്‍ താഴോട്ടുള്ള ദൃശ്യങ്ങള്‍ മാത്രമാണ് സി.സി.ടിവിയില്‍ പതിഞ്ഞത്.
പെരുമ്പാവൂര്‍ വട്ടോളിപടി ജങ്ഷനിലെ വളം, കീടനാശിനി കടയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയുടേതെന്ന് കരുതുന്നയാളുടെ ചിത്രങ്ങള്‍ പോലീസിനു ലഭിച്ചത്. കടയുടെ എതിര്‍വശത്തുളള ഇടവഴിയിലൂടെ ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയിലുള്ള സമയത്ത് വീട്ടിലേക്കു നടന്നു പോകുന്ന ജിഷയുടെയും പിന്നാലെ നടന്നുനീങ്ങുന്ന മഞ്ഞഷര്ട്ടു ധരിച്ച യുവാവിന്റെയും ദൃശ്യങ്ങളാണ് സി.സി.ടി.വി ക്യാമറയിലുള്ളത്. സെക്കന്‍ഡുകള്‍ മാത്രമുള്ള ദൃശ്യങ്ങളില്‍ പക്ഷേ യുവാവിന്റെ മുഖം ദൃശ്യമല്ല.
ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28 ന് കൊലപാതകിയെന്നു സംശയിക്കുന്നയാള്‍ ജിഷയുടെ വീടിനടുത്തുള്ള കനാല്‍ വഴി വൈകിട്ട് 6.30ന് പോയതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നതെന്നും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പോലീസ് അന്വേഷിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പു കാലമായതിനാല്‍ ഈ ദിവസം പ്രദേശത്ത് പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ കാമറയില്‍നിന്നും പോലീസിന് ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് അടുത്തുള്ള സ്ഥാപനങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചത്.
കൊല നടന്ന ദിവസം രാവിലെ 11 മണിയോടെ ജിഷ കോതമംഗലത്തേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു. ഉച്ചയോടെ ഇവിടെനിന്നും മടങ്ങിവരുന്ന സമയത്താണു കൊലയാളിയെന്നു സംശയിക്കുന്നയാള്‍ ജിഷയുടെ തൊട്ടുപിന്നാലെ നടന്നു വരുന്നതായി ദൃശ്യത്തില്‍ കാണുന്നത്. രാവിലെ ജിഷ പുറത്തുപോകുന്നത് കണ്ടുവെന്ന് മൊഴി നല്കിയ അയല്‍വാസിയെ പോലീസ് ദൃശ്യം കാണിച്ചെങ്കിലും കൊലയാളിയാരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടി ജിഷയാണെന്നും താന്‍ കാണുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് ജിഷ ധരിച്ചിരിക്കുന്നതെന്നും ഇദ്ദേഹം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രേഖാചിത്രത്തിലെ രൂപസാദൃശ്യത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ആളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇതിനിടെ ഇയാളാണ് പ്രതിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
അന്വേഷണ സംഘം സംസ്ഥാന പി.എസ്.സിയുടെ സഹായം തേടി. കൊല്ലപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്പ് ജിഷ പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിരുന്നു. ഇതില്‍ ഉപയോഗിച്ച ഇമെയില്‍ വിലാസം തേടിയാണ് പി.എസ്.സിയെ സമീപിച്ചത്. ജിഷയുടെ ഇ മെയില്‍ വിലാസത്തിനായി ആദ്യം മുതല്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് ജിഷ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചത്. രജിസ്ട്രേഷന് ഇമെയില്‍ വിലാസം നിര്‍ബന്ധമാണ്.
എന്നാല്‍ ഇമെയില്‍ വിലാസം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ മാത്രമേ ഇമെയില്‍ വിലാസം നല്കാന് നിര്‍വാഹമുള്ളൂ എന്നാണ് പി.എസ്.സിയോട് അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന. ഇമെയില്‍ വിലാസം ലഭിക്കുന്നതോടെ കേസിനു സഹായകമായ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ജിഷയ്ക്ക് രണ്ടാമതൊരു മൊബൈല്‍ഫോണും സിംകാര്‍ഡും ഉണ്ടെന്ന നിഗമനത്തിലും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലപ്പെട്ട ദിവസം ഒരു കോള്‍ മാത്രമാണ് ജിഷയുടെ ഐഡിയ നമ്പറിലേക്ക് വന്നത്. ജിഷ കോള്‍ എടുത്തിരുന്നില്ല. അമ്മ രാജേശ്വരി മറ്റൊരാളുടെ ഫോണില്‍ നിന്നും ജിഷയെ വിളിക്കുകയായിരുന്നു. ഫോണിന്റെ ഉടമസ്ഥനില്‍നിന്നും പണം കടം വാങ്ങാന്‍ എത്തിയതായിരുന്നു രാജേശ്വരി.
പെരുമ്പാവൂരിലെ വീട്ടിലെത്തിയ ഇവര്‍ക്ക് പരവേശം അനുഭവപ്പെട്ടെന്നും വീട്ടുടമ മൊഴി നല്കി. പിന്നീട് രാജേശ്വരിക്ക് നൂറ്റമ്പതു രൂപ നല്‍കിയെന്നും ഇയാള്‍ പറയുന്നു. അതേ സമയം കൊലയാളിക്ക് മല്‍പ്പിടിത്തത്തിനിടെ പരുക്കേറ്റിരിക്കാം എന്ന നിഗമനത്തില്‍ സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളില്‍ പരിശോധന നടന്നുവരികയാണ്. ചെറിയ ക്ലിനിക്കുകള്‍, വീടുകളില്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍, വന്‍കിട ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പതിനഞ്ച് അംഗ സംഘം പരിശോധന നടത്തുന്നത്.
ജിഷ കൊല്ലപ്പെട്ടതിനു ശേഷമുള്ള പത്തു ദിവസങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ മുറിവേറ്റവരുടെ വിവരങ്ങളാണു ശേഖരിക്കുന്നത്. ജിഷയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതു സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളിലേക്കും അന്വേഷണം നീളുന്നുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് സാധാരണയായി നടത്താറുള്ള മദ്യവിതരണം സംബന്ധിച്ചാണ് അന്വേഷണം.
ജിഷ വധയുമായി ബന്ധപ്പെടുത്തി തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനു വിവരാവകാശപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിനെതിരേ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന് വക്കീല്‍ നോട്ടീസ് അയച്ചു. തന്നെ മോശക്കാരാനാക്കാനുള്ള ജോമോന്റെ പ്രസ്താവന നിരുപാധികം പിന്‍വലിച്ചു മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും കേസുകള്‍ ഫയല്‍ ചെയ്യുമെന്നും വക്കീല്‍ നോട്ടിസില്‍ പറഞ്ഞു.
Post Your Comments