ഐസ്വാൾ: മിസോറാമിലെ വിമാനത്താവളത്തിൽ മ്യാൻമറിന്റെ സൈനിക വിമാനം തകർന്നുവീണു. മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിലാണ് അപകടം നടന്നത്. പൈലറ്റ് അടക്കം 15 പേരാണ് സൈനിക വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവർ സുരക്ഷിതരാണെന്ന് മിസോറാം ജിഡിപി അറിയിച്ചു. പരിക്കേറ്റവരെ ലെങ്പുയി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മിസോറാമിൽ അഭയം തേടിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനായി എത്തിയ വിമാനമാണ് ലാൻഡിംഗിനിടയിൽ തകർന്നുവീണത്. അരാക്കൻ വിമത ഗ്രൂപ്പുകൾ സൈനിക ക്യാമ്പ് ആക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച നൂറുകണക്കിന് സൈനികർ മിസോറാമിലെ ലോങ്ട് ലായ് ജില്ലയിൽ അഭയം പ്രാപിച്ചിരുന്നു. അസം റൈഫിൾസിന്റെ നിയന്ത്രണത്തിലാണ് ഇവർ മിസോറാമിൽ താമസിച്ചത്. ഒരു കേണലിന്റെ നേതൃത്വത്തിൽ 30 ഓഫീസർമാരും 240 സൈനികരുമാണ് മിസോറാമിൽ അഭയം തേടിയത്. ഇതിൽ 184 സൈനികരെ കഴിഞ്ഞ ദിവസം തിരികെ കൊണ്ടുപോയിരുന്നു. ഇനി 92 സൈനികരാണ് മടങ്ങിപ്പോകാനുള്ളത്.
Post Your Comments