കണ്ണൂര്‍ ● കല്ല്യാശേരിയില്‍ വനിതാ ആയുര്‍വേദ ഡോക്ടറുടെ ക്ലിനിക്ക് സിപിഎം അടച്ചുപൂട്ടിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡോക്ടറുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് അടച്ചുപൂട്ടിക്കലിനു പിന്നിലുള്ള കാരണം. കല്ല്യാശേരി പഞ്ചായത്ത് ഓഫീസിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഡോ.നീത പി. നമ്പ്യാരുടെ വി.ബി. ക്ലിനിക്കാണ് അടച്ചുപൂട്ടേണ്ടി വന്നത് .
ഡോക്ടര്‍ തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.സിപിഎമ്മിനെതിരെ ഡോക്ടറുടെ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതല്‍ വീടിനും ക്ലിനിക്കിനും നേരേ സിപിഎമ്മുകാര്‍ നിരന്തരം അക്രമം നടത്തിവരികയായിരുന്നുവെന്നും ഫലം വന്ന ദിവസം വീട്ടിനു മുന്നിലെത്തി ഡോക്ടറേയും മകളേയും അസഭ്യവര്‍ഷം നടത്തിയ സിപിഎം സംഘം വീട്ടിനകത്തേക്ക് മാലപ്പടക്കം പൊട്ടിച്ചെറിയുകയും ചെയ്തെന്നാണ് ആരോപണം.ക്ലിനിക്കിന് പുറത്ത് രോഗികള്‍ക്ക് ഇരിക്കാനായി ഒരുക്കിയിരുന്ന കസേരകള്‍ ഉള്‍പ്പെടെയുളള പലസാധനങ്ങളും സിപിഎം സംഘം എടുത്തു കൊണ്ടുപോയി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ക്ലിനിക്കിന് മുകളില്‍ ഡ്രില്‍ ചെയ്ത് ഉറപ്പിച്ചിരുന്ന രണ്ട് ബോര്‍ഡുകളും മുറിച്ചെടുത്ത് കൊണ്ടുപോയി.
പലതവണ കണ്ണപുരം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നും അവര്‍ പറയുന്നു.ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ ഡോ. നീത പരാതി നല്‍കിയെങ്കിലും സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയായതിനാല്‍ അവരും പ്രശ്‌നത്തിലിടപെടാന്‍ തയ്യാറായില്ലഎന്നും ആരോപിക്കുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തി ക്ലിനിക്ക് തകര്‍ക്കുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തുകയും ഡോക്ടറെ കാണാനെത്തുന്ന രോഗികളെ തിരിച്ചയച്ച്, ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും സിപിഎം സംഘം ഭീഷണിമുഴക്കിഎന്നും ഡോക്ടര്‍ നീത പറയുന്നു. ഡോ.നീത പി. നമ്പ്യാര്‍ കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments