Latest NewsKeralaNews

ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് എം.ടി പറഞ്ഞത്: വി.ഡി സതീശൻ

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ പരാമർശം ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എംടി വാസുദേവൻ നായരുടെ പരാമർശം അധികാരം എങ്ങനെ ദുഷിപ്പിക്കുന്നതിനെക്കുറിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. എംടിയുടെ മൂർച്ചയേറിയ വാക്കുകൾ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ വഴിതിരിച്ചുവിടരുത്. അത് വഴിതിരിച്ചുവിട്ടാൽ കേരളം വീണ്ടും ആപത്തിലേക്ക് നീങ്ങും. രാജ്യവ്യാപകമായി ഫാഷിസത്തിനെതിരെ നമ്മൾ നടത്തുന്നൊരു പോരാട്ടമുണ്ട്. അത് കേരളത്തിലെത്തുമ്പോൾ ഫാഷിസത്തിന് ഇരുമുഖമാണെന്ന തിരിച്ചറിവ് നിരാശപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. അത് തിരിച്ചറിഞ്ഞാണ് എംടിയുടെ പ്രതികരണമെന്നും സതീശൻ അറിയിച്ചു.

അദ്ദേഹത്തിന്റെ മൂർച്ചയേറിയ വാക്കുകൾ നിഷ്പക്ഷത നടിക്കുന്ന ബുദ്ധിജീവികൾ കേൾക്കണം. എംടിയുടെ മൂർച്ചയേറിയ വാക്കുകളും അക്ഷരത്തിന്റെ ശക്തിയുമെല്ലാം മലയാളികൾക്ക് തിരിച്ചറിവുള്ളതാണ്. അദ്ദേഹം മുഖ്യമന്ത്രിയെ വേദിയിലിരുത്തി പറഞ്ഞ വാക്കുകൾ ഒരു കാരണവശാലും ബധിരകർണങ്ങളിൽ പതിക്കരുതെന്നാണ് തന്റെ അഭ്യർഥന. കാരണം, കാലത്തിന്റെ ചുവരെഴുത്താണ് അദ്ദേഹം വായിച്ചത്. നിഷ്പക്ഷത നടിച്ചു നടന്ന് സർക്കാരിനെ താങ്ങി നിർത്തുന്ന ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും ചില മാധ്യമപ്രവർത്തകരും അതുപോലെ നിഷ്പക്ഷരാണെന്നു കരുതിവന്ന് സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനു സ്തുതിഗീതം പാടുന്നവരുമൊക്കെ എംടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണം. ആ വാക്കുകൾ വളരെയേറ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമാന്യബോധമുള്ളതു കൊണ്ട് ആരെ കുറിച്ചാണ് എംടി പറഞ്ഞതെന്ന് കേരളത്തിലെ ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഇ പി ജയരാജന് മനസിലാകാത്തതിന് എന്തു ചെയ്യാൻ പറ്റും. അദ്ദേഹത്തെ മനസിലാക്കിക്കൊടുക്കാൻ വലിയ പാടാണ്. അധികാരം എങ്ങനെ ദുഷിപ്പിക്കുന്നു, മനുഷ്യനെ അധികാരം അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും എങ്ങനെ കൊണ്ടുപോകുന്നു, എങ്ങനെ പ്രതിഷേധങ്ങളെ ഭയപ്പെടുന്നു, പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു. അതിനെ അടിച്ചമർത്തുന്നു. ക്രൂരമായ മർദനമുറകൾ സംസ്ഥാനത്തെമ്പാടും അഴിച്ചുവിടുന്നു ഇതൊക്കെ കണ്ട് എംടിയെ പോലൊരാൾ പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ എംടിയുടെ വാക്കുകൾ വലിയ മാറ്റമുണ്ടാക്കട്ടേ. പണ്ഡിറ്റ് നെഹ്റുവിനെ താരതമ്യപ്പെടുത്തിയുള്ള രാജ്യത്തെ രാഷ്ട്രീയ സാഹചര്യമല്ല എംടി വിശദീകരിച്ചത്. ഇഎംഎസിനെ താരതമ്യപ്പെടുത്തി വ്യക്തി പൂജയെ കുറിച്ചാണ് പറഞ്ഞത്. അധികാരം എങ്ങനെ ആധിപത്യം സ്ഥാപിക്കാൻ പ്രേരിപ്പിക്കുന്നു എന്നതിനെ കുറിച്ചും അധികാരം എങ്ങനെ ദുഷിപ്പിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിൽ പ്രതികരിക്കാൻ മറന്നുപോയ സാംസ്‌കാരിക പ്രവർത്തകർക്ക് കൂടിയുള്ള വഴിവിളക്കാണ് അദ്ദേഹം കത്തിച്ചുവച്ചതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button