ന്യൂഡൽഹി: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ സ്ഥാനത്തുനിന്ന് നീക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നതിനെതിരെ സമർപ്പിച്ച ഹർജി നേരത്തെ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. സുപ്രീം കോടതിയും മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ചു.
മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ പുറത്താക്കാൻ കഴിയില്ലെന്നാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് അറിയിച്ചത്. എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്നാട് ഗവർണർ ആർ എൻ രവി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി ഉത്തരവിറക്കിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിൽ ഗവർണർ തന്നെ തിരുത്തുകയും ചെയ്തു. സെന്തിൽ ബാലാജി ഇപ്പോൾ വകുപ്പുകളൊന്നും ഇല്ലാതെയാണ് തമിഴ്നാട് മന്ത്രിയായി തുടരുന്നത്.
2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും സഹോദരന്റെ വീട്ടിലും അടക്കം 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു.
Post Your Comments