NewsInternational

മോദിയും ഒബാമയും കൈകൊടുക്കുമ്പോള്‍ ഇന്ത്യക്ക് ഈ നേട്ടങ്ങള്‍

ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതു വിവിധ മേഖലകളിലെ സഹകരണത്തിനുള്ള മാര്‍ഗരേഖ. യുഎസിന്റെ ‘പ്രിയ പ്രതിരോധപങ്കാളി’ എന്ന സ്ഥാനം ഇന്ത്യയ്ക്കു ലഭിക്കുന്നതു നമ്മുടെ പ്രതിരോധ മേഖലയ്ക്കു വലിയ കുതിപ്പുനല്‍കാന്‍ സഹായിക്കും. ആണവദാതാക്കളുടെ സംഘത്തിലും (എന്‍.എസ്.ജി) മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംഘത്തിലും (എംടിസിആര്‍) ഇന്ത്യയുടെ അംഗത്വത്തിന് യു.എസ് നിര്‍ലോഭ പിന്തുണ നല്‍കിയതും രാജ്യത്തിനു നേട്ടമാണ്. 50 ഇന സംയുക്ത പ്രസ്താവനയാണു മോദി- ഒബാമ കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവിട്ടത്. അവയില്‍ പ്രധാനപ്പെട്ടവ ഇങ്ങനെ:

പ്രതിരോധം

ഇന്ത്യയ്ക്കു യു.എസിന്റെ ‘ഏറ്റവുമടുത്ത പ്രതിരോധപങ്കാളി’ എന്ന സ്ഥാനം. യു.എസ് ഏറ്റവും അടുത്ത സഖ്യരാജ്യങ്ങളുമായി മാത്രം പങ്കുവയ്ക്കുന്ന സാങ്കേതികവിദ്യ ഇന്ത്യയ്ക്കും കൈമാറുന്നതിനുള്ള രൂപരേഖ തയാറാക്കും.

. പ്രതിരോധത്തിനും സമാധാന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന യു.എസിന്റെ ദ്വിമാന സാങ്കേതിക വിദ്യകള്‍ ലൈന്‍സില്ലാതെ ഇന്ത്യയുമായി പങ്കുവയ്ക്കും.

. പ്രതിരോധ മേഖലയില്‍ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കു യുഎസ് പ്രോത്സാഹനം. പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് ഇതു വഴിയൊരുക്കും. ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിനു വന്‍ കുതിപ്പു നല്‍കും.

. ഗവേഷണം, നിര്‍മാണം എന്നിവയില്‍ സംയുക്ത സംരംഭങ്ങള്‍ക്കു പ്രോത്സാഹനം നല്‍കും.

. നിര്‍മാണത്തോടൊപ്പം പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയിലും യുഎസ് സഹായമുണ്ടാകും. ഇന്ത്യയെ രാജ്യാന്തര വിതരണ ശൃംഖലയുടെ ഭാഗമാക്കാന്‍ സഹായിക്കും.

. വ്യോമ, നാവിക സംവിധാനങ്ങളെ ഉള്‍പ്പെടുത്താന്‍ പാകത്തില്‍ ഡിഫന്‍സ് ടെക്‌നോളജി ആന്‍ഡ് ട്രേഡ് ഇനിഷ്യേറ്റിവിന്റെ (ഡിടിടിഐ) ഭാഗമായി പുതിയ വര്‍ക്കിങ് ഗ്രൂപ്പുകള്‍ സ്ഥാപിക്കും

. വിമാനവാഹിനിക്കപ്പലുകളു!ടെ സാങ്കേതികവിദ്യാ കാര്യത്തില്‍ പങ്കാളിത്തക്കരാറിനു രൂപംനല്‍കും

. സൈനിക അഭ്യാസങ്ങള്‍, പരിശീലനം, തുറമുഖ സന്ദര്‍ശനങ്ങള്‍, ദുരിതാശ്വാസം എന്നിവയ്ക്കു പരസ്പരം സൗകര്യമൊരുക്കുന്നതിനു വഴിതെളിക്കുന്ന ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റിനു രൂപം നല്‍കും

. ഭീകരപ്രവര്‍ത്തനം നേരിടാന്‍ ഇന്ത്യയ്ക്കു യു.എസ് പിന്തുണ. പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരായ പോരാട്ടത്തില്‍ യു.എസ് ഇന്ത്യയെ സഹായിക്കും.

. ഇന്ത്യ-യു.എസ് ഭീകരവിരുദ്ധ സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പിന്റെ അടുത്ത യോഗത്തില്‍ സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം

.പഠാന്‍കോട്ട് ഭീകരാക്രമണം 2011ലെ മുംബൈ ഭീകരാക്രമണത്തിനു തുല്യമായ ഭീകരപ്രവര്‍ത്തനമായി യു.എസ് പരിഗണിക്കും. പഠാന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാക്ക് ഭീകരര്‍ക്കു ശിക്ഷയുറപ്പാക്കാന്‍ ഈ നിലപാടു സഹായിക്കും. പാക്കിസ്ഥാനോടു ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പത്രസമ്മേളനത്തില്‍ ബറാക് ഒബാമ ആവശ്യപ്പെടുകയും ചെയ്തു.

. 2018ല്‍ ഭീകരവാദത്തെ നേരിടുന്നതു സംബന്ധിച്ച രാജ്യാന്തര ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.

ഊര്‍ജം / പരിസ്ഥിതി

. സംശുദ്ധ ഊര്‍ജ പദ്ധതികള്‍ക്കായി ആറുകോടി യു.എസ് ഡോളറിന്റെ (ഏകദേശം 390 കോടിരൂപ) രണ്ടു സാമ്പത്തിക സഹായ പദ്ധതികള്‍ ഇന്ത്യയും യു.എസും സംയുക്തമായി തുടങ്ങും. 2020ല്‍ 10 ലക്ഷം വീടുകളില്‍ സംശുദ്ധ, പുനരുപയോഗ ഊര്‍ജം എത്തിക്കുക,ഗ്രാമീണ മേഖലകളില്‍ പുനരുപയോഗ ഊര്‍ജം ഉല്‍പാദനം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം.
. ഊര്‍ജോല്‍പാദനത്തിന് ഇന്ത്യയില്‍ യു.എസ് ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. യു.എസിലെ വെസ്റ്റിങ്ഹൗസ് ആണു റിയാക്ടറുകള്‍ സ്ഥാപിക്കുക. 2017 ജൂണിനുള്ളില്‍ ഇതു സംബന്ധിച്ച ഇന്ത്യയിലെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി പ്രാവര്‍ത്തികമാക്കാന്‍ ഒരുമിച്ചു ശ്രമിക്കും. ഈ വര്‍ഷംതന്നെ ഇന്ത്യ ഉടമ്പടി അംഗീകരിക്കുമെന്നു വൈറ്റ്ഹൗസ് പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നുവെങ്കിലും ഇന്ത്യ പിന്നീട് ഇതു നിഷേധിച്ചു. കരാര്‍ അംഗീകരിക്കുന്നതിന് ഇന്ത്യ സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
. സൗരോര്‍ജ ഉല്‍പാദനം, വിതരണം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ സോളര്‍ അലയന്‍സ് (ഐഎസ്എ) വികസിപ്പിക്കാന്‍ കൈകോര്‍ക്കും. ഐഎസ്എ സ്ഥാപന ഉച്ചകോടി സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കും.

സമുദ്രം

.സമുദ്ര സുരക്ഷാ സഹകരണം വര്‍ധിപ്പിക്കും, ഈ രംഗത്തെ വിവരകൈമാറ്റം സുഗമവും കാര്യക്ഷമവുമാക്കും
.എഷ്യ-പസിഫിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയും യുഎസും പ്രഥമ പങ്കാളികളാകും.

. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ആധിപത്യശ്രമത്തെക്കുറിച്ച് എടുത്തു പറഞ്ഞില്ലെങ്കിലും സമുദ്രസഞ്ചാരം, സമുദ്രവിഭവങ്ങളുടെ പങ്കുവയ്ക്കല്‍ എന്നിവയില്‍ രാജ്യാന്തര നിയമങ്ങളും കരാറുകളും പാലിക്കണമെന്നും അതിര്‍ത്തിത്തര്‍ക്കങ്ങള്‍ സമാധനപരമായി തീര്‍ക്കണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.

ജനങ്ങള്‍

. സിയാറ്റിലില്‍ ഇന്ത്യ കോണ്‍സുലേറ്റ് തുറക്കും. യു.എസിലെ ഇന്ത്യയുടെ ആറാമത്തെ കോണ്‍സുലേറ്റായിരിക്കും ഇത്. യുഎസ് ഇന്ത്യയിലും കൂടുതല്‍ കോണ്‍സുലേറ്റുകള്‍ ആരംഭിക്കും.

. ഇന്ത്യയും യു.എസും 2017ലെ ‘യാത്ര, ടൂറിസം പങ്കാളി’ രാഷ്ട്രങ്ങളാകും. പൗരന്മാര്‍ക്കു പരസ്പരം വീസ നല്‍കുന്നത് ഈ കാലയളവില്‍ സുഗമമാകും.
. യുഎസ് വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ പഠനസൗകര്യങ്ങള്‍ ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button