തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ സി.ബി.ഐയുടെ ക്ലോഷർ റിപ്പോർട്ട് സാങ്കേതികത്വം മാത്രമാണെന്നും കേസ് അവസാനിപ്പിച്ചത് താൽക്കാലികമാണെന്നും മുന്‍ എസ്.പി. കെ.ജി. സൈമണ്‍. ജസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് കാട്ടി സി.ബി.ഐ. കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ സി.ബി.ഐ. അന്വേഷണം തുടരുമെന്നും പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തെ കുറിച്ച് സി.ബി.ഐക്ക് ആക്ഷേപമില്ല. സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടീസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുപോലുള്ള കാര്യങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, അന്വേഷണ സമയത്ത് ലീഡുകൾ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം നിന്നുപോവുകയായിരുന്നുവെന്നും മുൻ ഡി.ജി.പി. ടോമിൻ ജെ തച്ചങ്കരി അഭിപ്രായപ്പെട്ടിരുന്നു. ജെസ്നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ സിബിഐ ക്ലോഷർ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
‘അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോൾ ജസ്നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തമായ ഒരു ലീഡ് കിട്ടി. അതുവെച്ച് അന്വേഷണം തുടർന്നു. കൈയെത്തും ദൂരത്ത് ജസ്ന എത്തി എന്നുവരെ കരുതിയ സമയമുണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് വരുന്നത്. പോകേണ്ടിയിരുന്നത് കുമളി, തേനി വഴി തമിഴ്നാട്ടിലേക്കായിരുന്നു. എന്നാൽ പിന്നീട് ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞു കിടന്നു. ഈ സമയത്ത് കുടുംബം കോടതിയിൽ പോവുകയും കേസ് സി.ബി.ഐയ്ക്ക് വിടുകയുമായിരുന്നു. കണ്ണികളായി അന്വേഷിച്ചു പോയ സമയത്ത് കേസ് തെളിയിക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്’, തച്ചങ്കരി പറഞ്ഞു.
Post Your Comments