India

പരീക്ഷ ക്രമക്കേട് ; പുനഃപരീക്ഷ ഒന്നാംറാങ്ക് ജേതാവ് എഴുതിയില്ല

പട്‌ന : ബീഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷ ഒന്നാംറാങ്ക് ജേതാവ് എഴുതിയില്ല. ഒന്നാം റാങ്ക് ജേതാവായ റൂബി റായിയാണ് പരീക്ഷയില്‍ പങ്കെടുക്കാതെ മാറി നിന്നത്. ക്രമക്കേട് തെളിഞ്ഞതിനെ തുടര്‍ന്ന് പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പതിനാല് വിദ്യാര്‍ത്ഥികളോട് ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ റൂബി ഒഴികെയുള്ള പതിമൂന്ന് പരീക്ഷാര്‍ത്ഥികളും ഇന്നലെ നടന്ന പരീക്ഷയില്‍ പങ്കെടുത്തു.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റൂബി പരീക്ഷയില്‍ നിന്ന് ഒഴിഞ്ഞ് നിന്നത്. കഴിഞ്ഞ ആഴ്ചയാണ് പരീക്ഷാ ഫലം പുറത്തു വന്നത്. ഫലം പുറത്തായതോടെ പ്രാദേശിക ചാനല്‍ റാങ്ക് ജേതാക്കളെ അഭിമുഖം നടത്തിയിരുന്നു. റാങ്കു ജേതാക്കള്‍ക്ക് വിനയായത് പ്രാദേശിക ചാനലിലെ അഭിമുഖമാണ്. 500 ല്‍ 444 മാര്‍ക്കോടെയാണ് റൂബി എല്ലാരെയും ഞെട്ടിച്ച് ഒന്നാമതെത്തിയത്. സയന്‍സ് വിഭാഗത്തില്‍ ഒന്നാമതെത്തിയ സൗരഭ് ശ്രേസ്‌ക 485 മാര്‍ക്ക് കരസ്ഥമാക്കി.

റൂബി ഒന്നാംറാങ്ക് നേടിയത് ഇത്തവണത്തെ ഹ്യുമാനിറ്റീസ് വിഭാഗത്തിലായിരുന്നു. ആര്‍ട്‌സ് വിഷയത്തില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായിയുടെ അഭിപ്രായത്തില്‍ രാഷ്ട്രീയ മീമാംസ എന്ന വിഷയം പാചകത്തെയാണ് പ്രതിപാദിക്കുന്നത്. ഒരു പ്രാദേശിക ചാനലാണ് ഇക്കാര്യം പുറത്തെത്തിച്ചത്. സയന്‍സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുട്ടിക്ക് ജലവും എച്ച്.ടു.ഒയും തമ്മിലുള്ള ബന്ധവും അറിയില്ലായിരുന്നു.

ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലെ ഫലങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. മൂന്ന് വിഷയങ്ങളിലെയും റാങ്ക് ജേതാക്കളുടെ അറിവില്ലായ്മയാണ് ക്രമക്കേട് നടന്നു എന്നതിന് തെളിവായത്. അതേസമയം പുനഃപരീക്ഷയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് വ്യക്തമാക്കി.

 

 

shortlink

Post Your Comments


Back to top button