പാരീസ്: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ 16 കാരിയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമർദ്ധനം ഇറാനിയൻ പെൺകുട്ടികളെ ആശങ്കയിലാഴ്ത്തുന്നതായി റിപ്പോർട്ട്. മതപൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടി നിലവിൽ കോമയിലാണ്. ടെഹ്‌റാൻ മെട്രോയിൽ മത-വനിതാ പോലീസുകാരുമായുള്ള ഏറ്റുമുട്ടലിലാണ് അർമിതയ്ക്ക് ക്രൂരമായി പരിക്കേറ്റത്. ഒരു വർഷം മുൻപ് സമാനരീതിയിൽ കൊല്ലപ്പെട്ട മഹ്‌സ അമിനിക്ക് നീതി ലഭിക്കാൻ വേണ്ടി മാസങ്ങളോളം മനുഷ്യാവകാശ പ്രവർത്തകർ പോരാടിയത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ രംഗത്തെത്തിയിരുന്നു. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലാകുകയും ചെയ്ത ഈ പ്രതിഷേധം രാജ്യവ്യാപകമായ അലയടിച്ചിരുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്താനായിരുന്നു ഇറാൻ ഭരണകൂടം ശ്രമിച്ചത്. ഈ നാളുകൾ വീണ്ടും ഓർമപ്പെടുത്തുകയാണ് പതിനാറുകാരിയായ അർമിതയുടെ സംഭവം.
എന്നാൽ, അധികൃതർ സംഭവം നിഷേധിച്ചു. താഴ്ന്ന രക്തസമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് അധികൃതരുടെ വാദം. അതേസമയം വൻ സുരക്ഷയിലാണ് ഇറാൻ അധികൃതർ പെൺകുട്ടിക്ക് ചികിത്സ നൽകുന്നത്. ടെഹ്റാനിലെ ഫജ്ർ ആശുപത്രിയിൽ വൻ സുരക്ഷയിലിരിക്കുന്ന പെൺകുട്ടിയെ ബന്ധുക്കളെ പോലും കാണാൻ അനുവദിച്ചില്ല. പെൺകുട്ടിയെ ട്രെയിനിൽ നിന്ന് എടുത്ത് പുറത്തിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രവും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതോടെ പ്രതിഷേധം ശക്തമാകുകയാണ്. അതിക്രമത്തിനെതിരെ കുർദ് വംശജരുടെ സംഘടനയായ ഹെൻഗാവ് രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച ടെഹ്‌റാനിലെ ഷൊഹാദ മെട്രോ സ്‌റ്റേഷനിൽ വെച്ച് സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന ഏജന്റുമാരുടെ പിടിയിലാവുകയും ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് ഗുരുതരമായ പരിക്കുകളോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവളുടെ മാതാപിതാക്കൾ ആശുപത്രിയിൽ വെച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയയ്ക്ക് ഒരു അഭിമുഖം നൽകി. ഉയർന്ന റാങ്കിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പെൺകുട്ടിയെ കാണാൻ ആർക്കും അനുമതിയില്ല. മാതാപിതാക്കളെ പോലും ഇതുവരെ കുട്ടിയെ കാണിച്ചിട്ടില്ല.
Post Your Comments