Latest NewsIndiaInternational

ഇന്ത്യയുമായുള്ള നയതന്ത്രവിഷയത്തില്‍ കാനഡക്ക് ലോകരാജ്യങ്ങളുടെ പിന്തുണ കുറയുന്നു, അമേരിക്കക്കും മൃദുസമീപനം: ഞെട്ടി ട്രൂഡോ

ന്യൂയോര്‍ക്ക്: ഇന്ത്യയുമായുള്ള നയതന്ത്ര വിഷയത്തില്‍ കാനഡയ്ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ കിട്ടാത്തത് ചര്‍ച്ചകളില്‍ നിറയുന്നു. കൂടാതെ, ജസ്റ്റിൻ ട്രൂഡോയ്ക്ക് രാജ്യത്തു നടന്ന സർവേയിൽ ജനപ്രീതി കുത്തനെ ഇടിയുകയും ചെയ്തു. അതിനിടെ ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യൻ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുൻപ് കൈമാറിയിരുന്നതായി ആവര്‍ത്തിച്ച്‌ ജസ്റ്റിൻ ട്രൂഡോ വീണ്ടും രംഗത്തു വന്നു.

നയതന്ത്ര പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി. സഖ്യകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളും കാനഡയെ ശക്തമായി പിന്തുണച്ച്‌ രംഗത്ത് വന്നില്ലെന്ന് ചര്‍ച്ച സജീവമാണ്. ഇന്ത്യയെ കടന്നാക്രമിക്കാൻ അമേരിക്കയും മുതിര്‍ന്നില്ല. തണുത്ത പ്രതികരണമാണ് പല രാജ്യങ്ങളും പ്രകടിപ്പിച്ചത്. ചൊവ്വാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ യുഎൻ പൊതുസഭയെ അഭിമുഖീകരിക്കും. കാനഡ വിഷയത്തിലെ ഇന്ത്യയുടെ അതൃപ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയ്‌ക്കെതിരെ കാനഡ ഉന്നയിച്ച ആരോപണത്തില്‍ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിന് അപ്പുറത്തേക്ക് പ്രതികരണത്തിനൊന്നും അമേരിക്കയും തയ്യാറല്ല. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണ് ഇതിന് കാരണം. ആരും പരസ്യമായി ഇന്ത്യയെ തള്ളിപ്പറയാൻ ഒരുക്കമല്ല.

ട്രൂഡോയുടെ ആരോപണങ്ങളോടുള്ള ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യയുടെ നടപടികളും മറ്റ് രാഷ്ട്രങ്ങളെ വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചു. ഭരണം നിലനിര്‍ത്താനുള്ള ആഭ്യന്തര സമ്മര്‍ദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലും പല രാജ്യങ്ങള്‍ക്കുമുണ്ട്. സിഖ് നേതാവ് ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിര്‍ണായക പിന്തുണ ഉറപ്പിക്കാനാണ് ട്രൂഡോ ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് പല രാജ്യങ്ങളും വിശ്വസിക്കുന്നുണ്ട്. അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയതും ഇന്ത്യക്ക് നേട്ടമാണ്.

ഭീകരവാദികള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഒളിത്താവളങ്ങള്‍ നല്‍കുന്നതും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികള്‍ തുടരുമെന്നും അംഗ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. ഇന്ത്യക്കാരായ ഹിന്ദുക്കള്‍ കാനഡ വിടണമെന്ന ഖലിസ്ഥാൻ നേതാവിന്റെ ആഹ്വാനവും കാനഡയ്ക്ക് തിരിച്ചടിയായി. ഈ നിലപാട് കാനഡ തള്ളിയിരുന്നു. കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കു വീസ അനുവദിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതടക്കമുള്ള നടപടികള്‍ക്കു പിന്നാലെയാണ് കാനഡ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രാലയം എക്‌സില്‍ (ട്വിറ്റര്‍) പോസ്റ്റ് ഇട്ടു.

കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുന്റെ വിഡിയോ പ്രകോപനപരവും വിദ്വേഷജനകവുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിഡിയോ കനേഡിയൻ പൗരന്മാരോടും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുമുള്ള അനാദരവാണെന്നും പോസ്റ്റില്‍ പറയുന്നു. കാനഡയിലുള്ളവര്‍ പരസ്പരം ബഹുമാനിക്കണമെന്നും സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിനു ദിവസങ്ങള്‍ക്കു മുൻപു തന്നെ പ്രചരിച്ചുതുടങ്ങിയ വിഡിയോയില്‍ കാനഡ സര്‍ക്കാര്‍ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. വിഡിയോയുടെ പശ്ചാത്തലത്തില്‍ ‘ഹിന്ദു ഫോറം കാനഡ’യിലെ അംഗങ്ങള്‍ സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങള്‍ കാനഡയുടെ പക്കലുണ്ടെന്ന് അവിടത്തെ മാധ്യമമായ ‘സിബിസി ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ മറ്റൊരു രാജ്യവും ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button