ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ച ലോകനേതാക്കളെയും അന്താരാഷ്ട്ര പ്രതിനിധികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനങ്ങൾ നൽകിയാണ് യാത്രയാക്കിയത്. ഈ സമ്മാനങ്ങളിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് സംസാരിക്കുന്ന കരകൗശല വസ്തുക്കൾ ഉൾപ്പെടുന്നു. സുന്ദർബൻ തേൻ, കാശ്മീരി കുങ്കുമപ്പൂവ്, ബനാറസി ഷാൾ, അരക്കു കാപ്പി, ഡാർജിലിംഗ് ചായ തുടങ്ങിയ സമ്മാനങ്ങൾ ആണ് പ്രധാനമന്ത്രി ലോകനേതാക്കൾക്ക് നൽകിയത്.
ഇന്ത്യയുടെ തനതായ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന സമ്മാനങ്ങളാണെല്ലാം. സിൽക്ക് നൂലുകളാണ് നിർമിച്ച ബനാറസി ഷാൾ ആണ് ഇതിൽ പ്രധാനം. വാരണാസിയുടെ സാംസ്കാരിക സമ്പന്നതയെയും നെയ്ത്ത് പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നവയാണ് ഈ ഷാളുകൾ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ മാര ബെഗോന ഗമെസ് ഫെർണാണ്ടസിനാണ് ഈ ഷാൾ സമ്മാനിച്ചത്. കേരളത്തിലെ കരകൗശലത്തൊഴിലാളികൾ നിർമിച്ച എബോണി വുഡ് ജാലി ബോക്സിലാണ് ഷാൾ സമ്മാനിച്ചത്.
കുങ്കുമപ്പൂവ് (പേർഷ്യൻ ഭാഷയിൽ ‘സഫ്രാൻ’, ഹിന്ദിയിൽ ‘കേസർ’) ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനമാണ്. സംസ്കാരങ്ങളിലും നാഗരികതകളിലും കുങ്കുമപ്പൂവ് അതിന്റെ പാചകവും ഔഷധമൂല്യവും കൊണ്ട് വിലമതിക്കപ്പെടുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കുങ്കുമപ്പൂവ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
Post Your Comments