ന്യൂഡൽഹി: ചന്ദ്രയാൻ 3 യുടെ വിജയം രാജ്യത്ത് സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾ അസാധ്യമെന്ന് കരുതിയ കാര്യമാണ് ഇന്ത്യ ചെയ്തു കാണിച്ചത്. അടുത്ത പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യം, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്. ആദിത്യ എൽ 1 സെപ്തംബർ രണ്ടിന് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിന് പിന്നാലെ ഒരുങ്ങുന്നത് ഗഗൻയാൻ ദൗത്യമാണ്. ഇതിനായി ഇന്ത്യ വനിതാ റോബോട്ടായ ‘വയോമിത്ര’യെ അയക്കുമെന്ന് റിപ്പോർട്ട്.
ഗഗൻയാൻ ദൗത്യത്തെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ന് നടന്ന NDTV G20 കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഒരു വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളെയും അനുകരിക്കുന്ന ‘വയോമിത്ര’ എന്ന റോബോട്ടിനെയാണ് ഈ ബഹിരാകാശ ദൗത്യത്തിനായി അയക്കുക. ബഹിരാകാശത്തേയ്ക്കുള്ള പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യ ആഴ്ച അല്ലെങ്കില്‍ രണ്ടാമത്തെ ആഴ്ച ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
‘കൊവിഡ് മഹാമാരി മൂലം ഗഗൻയാൻ പദ്ധതി വൈകി. ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യമോ രണ്ടാമത്തെ ആഴ്ചയോ നടത്താനാണ് ആലോചന. ബഹിരാകാശ യാത്രികരെ അയക്കുന്നതിനേക്കാള്‍ ഏറെ പ്രാധാന്യം അവരെ തിരികെ കൊണ്ടുവരിക എന്നതാണ്. രണ്ടാമത്തെ ദൗത്യത്തിലാണ് വനിതാ റോബോട്ടിനെ അയക്കുക. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും ‘വയോമിത്ര’ ബഹിരാകാശത്ത് ചെയ്യും. എല്ലാം കൃത്യമായി നടക്കുകയാണെങ്കിൽ മിഷനുമായി മുന്നോട്ട് പോകും’, അദ്ദേഹം പറഞ്ഞു.
അതേസമയം, ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സ്പർശിച്ചപ്പോൾ അവർ അനുഭവിച്ച ആശ്വാസവും സന്തോഷവും അദ്ദേഹം വിവരിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെയും (ഐഎസ്ആർഒ) രാജ്യത്തിന്റെയും യാത്രയിലെ ഒരു കുതിപ്പാണ് ചന്ദ്രനിലിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments