ദ്വാരക (ഡൽഹി)-ഖേർക്കി ദൗല ടോൾ (ഗുരുഗ്രാം, ഹരിയാന) പാത ഉടൻ നാടിന് സമർപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിർമ്മാണത്തിലിരിക്കുന്ന ഈ പാത എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നായി മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വിശേഷിപ്പിച്ചിരുന്നു. മൂന്നോ, നാലോ മാസത്തിനുള്ളിലാണ് ഈ പാത ഗതാഗത യോഗ്യമാകുക. 27.6 കിലോമീറ്റർ നീളമുള്ള രാജ്യത്തെ ആദ്യ 8 വരി എലിവേറ്റഡ് അതിവേഗ പാതയെന്ന ബഹുമതിയും ഇവ സ്വന്തമാക്കുന്നതാണ്.
പുതിയ പാത വരുന്നതോടെ തലസ്ഥാന നഗരിയായ ഡൽഹിയിലെ വായു മലിനീകരണ തോത് വലിയ രീതിയിൽ കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയ ഡൽഹി-ഗുരുഗ്രാം ദേശീയപാതയിലെ ഭൂരിഭാഗം വാഹനങ്ങളും അതിവേഗ പാതയിലൂടെ സർവീസ് നടത്തുന്നതോടെയാണ് വായു മലിനീകരണം ഗണ്യമായി കുറയുക. കൂടാതെ, പ്രധാന നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയുന്നതാണ്.
ഡൽഹിയിലെ ദ്വാരക മുതൽ ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസ വരെയാണ് അതിവേഗ എലിവേറ്റഡ് പാത നിർമ്മിച്ചിരിക്കുന്നത്. പ്രധാന ജംഗ്ഷനുകളിൽ നാല് മൾട്ടി ലെവൽ ഇന്റർചേഞ്ചുകളാണ് ഉള്ളത്. ഏകദേശം 9,000 കോടി രൂപ ചെലവിലാണ് പാതയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പാത യാഥാർത്ഥ്യമാകുന്നതോടെ, ദ്വാരകയിൽ നിന്നും വെറും 15 മിനിറ്റിനുള്ളിൽ ഹരിയാനയിലെ മനേസറിൽ എത്താനാകും.
Post Your Comments