ബെംഗളൂരു സ്വദേശിയായ മുൻ സർക്കാർ ജീവനക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. റീന അന്നമ്മ(40), സ്നേഹ(30), സ്നേഹയുടെ ഭർത്താവ് ലോകേഷ്(26) എന്നിവരാണ് പിടിയിലായത്. 82 ലക്ഷം രൂപയാണ് സംഘം ഇയാളിൽ നിന്നും തട്ടിയെടുത്തത്. അന്നമ്മയാണ് വയോധികനെ കെണിയിൽ വീഴ്ത്തിയത്. സുഹൃത്തായ സ്നേഹയും ഭർത്താവ് ലോകേഷും ഇതിനു കൂട്ടുനിൽക്കുകയായിരുന്നു. നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത്. കൂടുതൽ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടർന്നതോടെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്.
ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ റീന അന്നമ്മയെ പരിചയപ്പെടുന്നത്. അന്നമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും സുഹൃത്ത് അറിയിച്ചു. നേരിൽ വരാൻ പരാതിക്കാരൻ പറഞ്ഞു. തുടർന്ന് റീന വന്നു കണ്ടു. അഞ്ചു വയസ്സുള്ള മകന് ക്യാൻസറാണെന്ന് പറഞ്ഞ് 5000 രൂപ ഇയാളിൽ നിന്നും വാങ്ങി. തുടർന്നും പല തവണ പണം വാങ്ങി. കഴിഞ്ഞ മേയിൽ ഇലക്ട്രോണിക് സിറ്റിയിലെ ഒയോ ഹോട്ടലിൽ എത്തിച്ച് റീന ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഇയാളുമായുള്ള കിടപ്പറ ദൃശ്യങ്ങൾ അന്നമ്മ ഒളിക്യാമറയിൽ പകർത്തിയിരുന്നു.
Also Read:സ്‌കൂൾ വിദ്യാർത്ഥികൾ സ്ഥിരം കസ്റ്റമർ: എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ
ഇതിനിടെ റീന അറുപതുകാരന് തന്റെ സുഹൃത്തായ സ്‌നേഹയെ പരിചയപ്പെടുത്തി. സ്‌നേഹയും നിരവധി പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടാൻ തുടങ്ങി. ഇതിന് വിസമ്മതിച്ചതോടെ റീനയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. ചിത്രങ്ങൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. മാനം പോകുമെന്ന ഭയത്തിൽ വയോധികൻ പണം നൽകാൻ നിർബന്ധിതനായി. തുടർന്ന് 82 ലക്ഷം രൂപ അന്നമ്മയുടെയും സ്‌നേഹയുടെയും വ്യത്യസ്ത അക്കൗണ്ടുകളിൽ അയച്ചുനൽകി.
പണം നൽകിയ വിവരം ആരോടെങ്കിലും പറഞ്ഞാൽ മകളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. എന്നാൽ, 42 ലക്ഷം രൂപ കൂടി നൽകണമെന്നും ഇല്ലെങ്കിൽ ചിത്രങ്ങൾ കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും പറഞ്ഞതോടെ വയോധികൻ പരാതി നൽകി. പണം തട്ടൽ, കബളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments