ജി20 അധ്യക്ഷത പദവി വഹിക്കുന്നതിന്റെ സ്മരണാർത്ഥം 100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. വളരെ വ്യത്യസ്ഥമാർന്ന നാണയങ്ങളാണ് പുറത്തിറക്കാൻ പദ്ധതിയിടുന്നത്. ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 100 രൂപ നാണയത്തിന്റെ ഒരുവശത്ത് നടുക്കായി അശോകസ്തംഭവും, അതിനു തൊട്ടുമുകളിൽ ‘സത്യമേവ ജയതേ’ എന്നും എഴുതും. കൂടാതെ, ഇടതുവശത്ത് ‘ഭാരത്’ എന്നും എഴുതുന്നതാണ്. ഇവ രണ്ടും ദേവനാഗിരി ലിപിയിലാണ് എഴുതുക. അതേസമയം, വലതുവശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതാണ്.
ജി20 അധ്യക്ഷ പദത്തിന്റെ അടയാളമായി നാണയത്തിന്റെ മറുവശത്ത് ജി20യുടെ ലോഗോ പതിപ്പിക്കും. ഇതിന് മുകളിലായി ‘വസുദേവ കുടുംബകം’ എന്ന് ദേവനാഗിരി ലിപിയിലും, താഴെയായി ‘വൺ ഏർത്ത്, വൺ ഫാമിലി, വൺ ഫ്യൂച്ചർ’ എന്നിങ്ങനെ ഇംഗ്ലീഷിലും രേഖപ്പെടുത്തും. 75 രൂപ നാണയത്തിലും സമാന ഡിസൈൻ തന്നെ പിന്തുടരുന്നതാണ്. പുതിയ പാർലമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 75 രൂപ നാണയം പുറത്തിറക്കിയിരുന്നു. നാണയങ്ങൾക്ക് 35 ഗ്രാം ഭാരവും, 44 മില്ലിമീറ്റർ വ്യാസവും ഉണ്ടായിരിക്കുന്നതാണ്. ഇവ 50 ശതമാനം വെള്ളിയും, 40 ശതമാനം ചെമ്പും, 5 ശതമാനം നിക്കലും, 5 ശതമാനം സിങ്കും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്.
Post Your Comments