സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രക്രിയകൾ പൂർത്തിയായി. വിദ്യാർത്ഥികൾ പ്രവേശനം നേടിയതിനു ശേഷം, മെറിറ്റ് ക്വാട്ടയിൽ 10,506 സീറ്റുകളാണ് ഒഴിവ് വന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്. 1,395 ഒഴിവുകളാണ് പത്തനംതിട്ട ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, 173 ഒഴിവുമായി വയനാട് ജില്ലയാണ് ഏറ്റവും പിറകിൽ. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയിൽ ഇത്തവണ മെറിറ്റ് ക്വാട്ടയിൽ 389 സീറ്റുകളാണ് ഒഴിവ് വന്നിട്ടുള്ളത്.
സ്പോർട്സ് ക്വാട്ടയിൽ 3,903 സീറ്റുകളും, മാനേജ്മെന്റ് ക്വാട്ടയിൽ 10,330 സീറ്റുകളും, കമ്മ്യൂണിറ്റി ക്വാട്ടയിൽ 3,226 സീറ്റുകളും, അൺ-എയ്ഡഡ് ക്വാട്ടയിൽ 36,325 സീറ്റുകളുമാണ് ഒഴിവ് വന്നിട്ടുള്ളത്. മൊത്തത്തിൽ പരിഗണിക്കുമ്പോൾ 64,290 സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടെങ്കിലും, അവയിൽ ഭൂരിഭാഗവും മാനേജ്മെന്റ്, കമ്മ്യൂണിറ്റി, അൺ-എയ്ഡഡ് വിഭാഗങ്ങളിലുള്ളവയാണ്.
Also Read: വാഹന പരിശോധന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു: പ്രതികൾ പിടിയിൽ
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ മറ്റു ക്വാട്ടകളിലെ സീറ്റുകൾ മെറിറ്റിലേക്ക് മാറ്റിയതിനുശേഷം പ്രവേശനം നടത്തുമെന്ന് പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം ജില്ലയിൽ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും 13,654 വിദ്യാർത്ഥികളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. നിലവിൽ, രണ്ടാം ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിട്ടില്ല.
Post Your Comments