Latest NewsNewsSpirituality

കര്‍ക്കടക വാവ്; എന്താണ് വാവ് ബലി, പിതൃതർപ്പണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

സൂര്യൻ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമായ കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കടക വാവായി ആചരിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഈ ദിനം പിതൃകര്‍മ്മങ്ങള്‍ക്ക് വളരെ അനുകൂലമാണ്.

കര്‍ക്കടക വാവ് ദിവസം ബലിദര്‍പ്പണം നടത്തിയാൽ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ദക്ഷിണായനവും ഉത്തരായനവും ഒത്തുചേരുന്ന ഒരു ദിവസം ആയതിനാലാണ് കർക്കടക വാവ് പ്രധാന്യമുള്ളതായി കരുതപ്പെടുന്നത്. നമ്മുടെ പൂര്‍വ്വികര്‍ക്കായി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കര്‍മ്മമാണ് ശ്രാദ്ധം. വിശ്വാസത്തോടെ പിതൃകര്‍മ്മം ചെയ്താൽ നിങ്ങള്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തികൾക്കും അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നു. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നവര്‍ അവര്‍ക്കൊഴിച്ച് പൂര്‍വ്വികരെ മനസിൽ വിചാരിച്ച് കൃത്യമായി പിണ്ഡ കര്‍മ്മം നടത്തുക.

തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനോടെയാണ് ബലിദര്‍പ്പണം നടത്തേണ്ടത്. പൂര്‍വ്വികരെ മനസിൽ വിചാരിച്ച് ഭക്തിയോടെ ആചാര്യൻ്റെ മുന്നിൽ ഒരു മുട്ടു നിലത്ത് മുട്ടിച്ച് ഇരിക്കുക. ശേഷം ദര്‍ഭ മൂന്ന് ഇഴ ചേര്‍ത്ത് കെട്ടിയ പവിത്രം കൈയിൽ അണിയുക. എള്ള്, പൂവ്, ചന്ദനം എന്നിവ സമീപം കരുതണം. വിഷ്ണുവിനെയും അഷ്ടദിക് പാലകരെയും ബ്രഹ്മാവിനെയും വന്ദിക്കണം. വിഷ്ണുസാന്നിദ്ധ്യമില്ലാതെ ചെയ്യുന്ന ശ്രാദ്ധം പിതൃക്കളില്‍ നിന്ന് അസുരന്മാര്‍ അപഹരിക്കുന്നുവെന്നാണ് സങ്കല്പം.

അരി വേവിച്ച് ശര്‍ക്കര, തേന്‍, പഴം, എള്ള്, നെയ്യ് എന്നിവ ചേര്‍ത്ത് കുഴച്ച് ഉരുട്ടിയ പിണ്ഡം, എള്ള്, പൂവ്, ചന്ദനം, ഒരു നൂല്‍ കഷ്ണം (വസ്ത്രസങ്കല്പം) വച്ച് ‘ഈ അന്നം സ്വീകരിച്ച്, തൃപ്തിയായി, വിഷ്ണുപദം പൂകുക’ എന്ന പ്രാര്‍ത്ഥനയോടെ ശ്രാദ്ധം ചെയ്യുക. ആചാര്യൻ്റെ ഉപദേശ പ്രകാരം മാത്രമേ ബലികര്‍മ്മം നടത്താവൂ. ശ്രാദ്ധം പൂര്‍ത്തിയായ ശേഷം പിണ്ഡം ഉള്‍പ്പെടെയുള്ളവ ഒഴുകുന്ന വെള്ളത്തിൽ സമര്‍പ്പിച്ച് ദക്ഷിണ നൽകി പവിത്രം ഉപേക്ഷിക്കുക.

വ്രത അനുഷ്ഠിക്കുമ്പോള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക. അല്ലെങ്കിൽ ഒരു നേരം അരി ആഹാരവും രണ്ട് നേരം ഗോതമ്പ് ആഹാരവും കഴിക്കുക്കുക.

ബലിദര്‍പ്പണം വ്രതശുദ്ധിയോടെ നടത്തണം. മത്സ്യവും മാംസവും ഉപേക്ഷിച്ചാണ് വ്രതം എടുക്കേണ്ടത്. കറുത്ത വാവിൽ പിതൃക്കള്‍ കുടുംബത്തിലേക്ക് എത്തുമെന്നാണ് വിശ്വാസം. ഈ സമയം വിളക്കുകത്തിച്ച ശേഷം പിതൃക്കൾക്ക് ഇഷ്ടഭക്ഷണം സമര്‍പ്പിക്കുക. ചിലയിടങ്ങളിൽ മദ്യം സമര്‍പ്പിക്കുന്ന ചടങ്ങും നടത്തിവരാറുണ്ട്. ഈ ദിവസം അരിയും, തേങ്ങയും, ശര്‍ക്കരയും ചേര്‍ത്ത് വാഴയിലയില്‍ ഉണ്ടാക്കുന്ന വാവടയുടെ മണം പിതൃക്കളെ സന്തോഷപ്പെടുത്തുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button