Kerala

ഇത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടം- പിണറായി വിജയന്‍

തിരുവനന്തപുരം ●ജിഷയ്ക്കു നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ നാം ഓരോരുത്തരും അണിനിരക്കണമെന്നും ഇത് കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്ബൂക്കിലാണ് പിണറായിയുടെ പ്രതികരണം. ദരിദ്ര ദളിത് കുടുംബാംഗമായ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാതെ പോലീസ് ഒളിച്ചു കളിച്ചത് കേരള ജനത ആശങ്കയോടെയാണ് കാണുന്നത്. ജിഷയുടേത് ഒറ്റപ്പട്ട അനുഭവമല്ല. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഷയുടെ കൊലക്കും ബലാത്സംഗത്തിനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്ത് കൊണ്ട് കാലതാമസം വരുന്നു? പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും പരിശോധിക്കാൻ പോലീസ് മടിച്ചു നിന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളോടുളള സമൂഹ്യമനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ലെന്ന് ആവർത്തിച്ചു തെളിയിക്കുന്ന അനുഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ജിഷയ്ക്കു നീതി കിട്ടണം.

പെരുമ്പാവൂര്‍ കുറുപ്പംപടിയില് ക്രൂരമായി കൊലചെയ്യപ്പെട്ട, ദരിദ്ര ദളിത് കുടുംബാംഗമായ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാതെ പോലീസ് ഒളിച്ചു കളിച്ചത് കേരള ജനത ആശങ്കയോടെയാണ് കാണുന്നത്.

ജിഷയുടേത് ഒറ്റപ്പട്ട അനുഭവമല്ല. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ് . ബലാല്സംഗം: 5982 , സ്ത്രീധന പീഡന മരണം: 103, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകൽ , 886 ലൈംഗികാതിക്രമം: 1997. ഇങ്ങനെ ആക്രമിക്കപ്പെട്ടവരിൽ ഒരാളാണ് ജിഷ. ആ കുട്ടിയുടെ ശരീരം പിച്ചി ചിന്തപ്പെട്ടിരുന്നു. പുറമ്പോക്കിൽ താമസിക്കുന്ന നിരാധാര കുടുംബത്തിനു സ്വന്തമായി കിടപ്പാടം കണ്ടെത്താൻ പട്ടിക വിഭാഗ ക്ഷേമ വകുപ്പിന്റെ സഹായം തേടി അലയുകയായിരുന്നു ജിഷയുടെ അമ്മ.

എന്തിനു പോലീസ് കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കാൻ അലംഭാവം കാണിച്ചു?

ജിഷയുടെ കൊലക്കും ബലാത്സംഗത്തിനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്ത് കൊണ്ട് കാലതാമസം വരുന്നു?പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും പരിശോധിക്കാൻ പോലീസ് മടിച്ചു നിന്നതെന്തിന്?

സ്ത്രീകളോടുളള സമൂഹ്യമനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ലെന്ന് ആവർത്തിച്ചു തെളിയിക്കുന്ന അനുഭവമാണിത്.ജിഷ ഓർമ്മയല്ല മുന്നറിയിപ്പാണ് …. ഏതൊരു സ്ത്രീക്കും ഇവിടെ സ്വതന്ത്രയായി , സുരക്ഷിതയായി നിര്‍ഭയം ജീവിക്കേണ്ടതുണ്ട്. സ്ത്രീയുടെ ആ അവകാശങ്ങൾക്ക് ഭരണാധികാരികൾ സംരക്ഷണം നല്‍കേണ്ടതുണ്ട്. ഡൽഹിയിൽ പെൺകുട്ടി ബസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു ഇഞ്ചിഞ്ചായി മരണമടഞ്ഞപ്പോൾ കേരളീയർ അവിശ്വസനീയമായ അനുഭവമായാണ് അതിനെ കണ്ട സമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിഞ്ഞേ തീരൂ…പ്രതികരണം ഉണ്ടായേ തീരൂ.

ജിഷയ്ക്കു നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ നാം ഓരോരുത്തരും അണിനിരക്കണം. അത് കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button