ന്യൂഡൽഹി: മണിപ്പൂർ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാൻ മോദി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരിലെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനായി 10 ദിവസമായി ഡൽഹിയിലുണ്ട്. ഇതുവരെ സമയം അനുവദിച്ചിട്ടില്ല. യുഎസ് സന്ദർശനത്തിന് പോകുന്നതിന് മുമ്പായി പ്രതിപക്ഷ പാർട്ടി പ്രതിനിധികളെ കാണണം. അമ്പത് ദിവസത്തോളമായി കലാപം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ ബീരൻ സിങിന് അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബീരൻ സിങിനെ നീക്കണം. സമാധാന ചർച്ചകൾക്ക് കേന്ദ്രം മുൻകയ്യെടുക്കണം. മണിപ്പൂരിൽ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുകയാണ്. അറുപതിനായിരത്തോളം പേർ അഭയാർത്ഥി ക്യാമ്പുകളിലാണ്. ബിജെപിയുടെ ഇരട്ടഎഞ്ചിൻ സർക്കാർ മണിപ്പുരിൽ വിപരീത ദിശകളിലാണ് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയെ നീക്കിയെങ്കിൽ മാത്രമേ അർത്ഥവത്തായ രീതിയിൽ സമാധാന ചർച്ചകൾക്ക് തുടക്കമിടാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഒരു ഡോക്ടറുടെ പേരില്‍ 83 ആശുപത്രികള്‍: ലൈസൻസ് പുതുക്കല്‍ നടപടിക്കിടെ കണ്ടെത്തിയത് വൻ തട്ടിപ്പ്
Post Your Comments