മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തിന്റെ ജിഡിപി 3.75 ട്രില്യൺ ഡോളറായാണ് ഉയർന്നിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ എന്ന ബഹുമതി ഇത്തവണയും ഇന്ത്യ നിലനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് യുകെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയത്.
2014-ൽ രാജ്യത്തെ ജിഡിപി 2 ട്രില്യൺ ഡോളർ മാത്രമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്ത്യ ജിഡിപിയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. യുകെ, ഫ്രാൻസ്, കാനഡ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ അതിവേഗം മുന്നേറിയത്. ഇത്തവണ 26,854 ബില്യൺ ഡോളർ മുന്നേറ്റവുമായി യുഎസ് ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തൊട്ടുപിന്നിൽ ചൈന (19,374 ബില്യൺ ഡോളർ), ജപ്പാൻ (4,904 ബില്യൺ ഡോളർ) ജർമ്മനി (4,309 ബില്യൺ ഡോളർ) എന്നീ രാജ്യങ്ങളാണ് ഉള്ളത്.
Also Read: നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് അറസ്റ്റ് ചെയ്യാൻ നീക്കം? മുൻകൂർ ജാമ്യത്തിന് സുധാകരൻ
Post Your Comments