നെടുങ്കണ്ടം: ഇടുക്കിയില്‍ വിദ്യാർത്ഥിനി പടുതാകുളത്തില്‍ വീണ് മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക (16) ആണ് മരിച്ചത്. മീനിന് തീറ്റ കൊടുക്കാൻ പോയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി അനാമിക കുളത്തിൽ വീഴുകയായിരുന്നു. ആരും കൂടെ ഉണ്ടായിരുന്നില്ല. അനാമികയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം. വീടിന് തൊട്ട് സമീപത്തായുള്ള പടുതാകുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കാനായി അനാമിക വീട്ടിൽ നിന്നിറങ്ങി. അമ്മയോട് പറഞ്ഞശേഷമായിരുന്നു അനാമിക കുളത്തിലേക്ക് പോയത്. എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും മകൾ തിരിച്ച് വരാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരിപ്പും കുളത്തിനുള്ളില്‍ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു.
ഇതോടെ, മകൾക്ക് എന്തോ അപകടം സംഭവിച്ചതായി വീട്ടുകാർ മനസിലാക്കി. അമ്മ അടക്കമുള്ളവർ അലമുറയിട്ട് കരഞ്ഞ് നാട്ടുകാരെ വിളിച്ച് വരുത്തി. അനാമിക കുളത്തിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിൽ കുളത്തിലേക്ക് ചാടി തെരച്ചില്‍ നടത്തിയെങ്കിലും ആദ്യം കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുളത്തിന്റെ ഒരു ഭാഗം തകർത്ത് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുളത്തിന്റെ അടിത്തട്ടില്‍ നിന്നാണ് അനാമികയെ കണ്ടെത്തിയത്. ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാനായില്ല.
Post Your Comments