രാമായണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുതുപ്പാടിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാദേവി ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ സീതാദേവി വിഗ്രഹം ചേടാറ്റിലമ്മ എന്നാണ് അറിയപ്പെടുന്നത്. സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശ്രീരാമന് തന്റെ പത്നിയായ സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ദേവി പുല്‍പ്പള്ളിയിലെ വാത്മീകി ആശ്രമത്തില്‍ അഭയം പ്രാപിച്ചുവെന്നും അവിടെ വച്ച് ലവകുശന്മാര്ക്ക് ജന്മം നല്കി എന്നുമാണ് ഐതിഹ്യം.
രാമായണ മഹാ കാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങള്‍ പുല്‍പ്പള്ളിയിലുണ്ട്. പുല്ലില്‍ പള്ളി കൊണ്ടിടമാണ് പുല്‍പ്പള്ളിയെന്നും ലവകുശന്മാര് കളിച്ച വളര്‍ന്ന സ്ഥലമാണ് ശിശുമലയായതെന്നും സീതയുടെ കണ്ണീര് വീണുണ്ടായ പുഴയാണ് കന്നാരം പുഴയെന്നും സീതയ്ക്ക് ആലയം തീര്‍ത്ത സ്ഥലം സീതാലയവും പിന്നെ ചെതലയവും ആയി മാറിയതാണെന്നും സീത ഇരുളില്‍ തങ്ങിയിടം ഇരുളം ആയെന്നുമെല്ലാം ഐതീഹ്യമുണ്ട്.
പുല്‍പ്പള്ളിയിലേയ്ക്ക് ദേവി വരുംവഴി എരിയപ്പള്ളിയിലെ ചെട്ടിയാരുടെ വീട്ടില്‍ കയറി ഇളനീര് കുടിച്ചെന്നും ദേവിയുടെ അനുഗ്രഹത്താല്‍ കാണാതായ അവരുടെ എരുമകളെ കണ്ടുകിട്ടിയെന്നും എരുമപ്പള്ളി പിന്നീട് എരിയപ്പള്ളി ആയി എന്നും വിശ്വാസം. അതിന്റെ ഓര്‍മ്മയ്ക്കായി എരിയപ്പള്ളി മന്മദന് കാവില്‍ നിന്നും ധനു 19 ന് ഇളനീര്‍കാവ് വരവ് നടത്തുന്നു. എരിയപ്പള്ളി സീതാദേവി ക്ഷേത്രത്തെ വലംവച്ചാണ് ഇളനീരുമായി ഭക്തജനങ്ങള്‍ താലപ്പൊലിയേന്തി പുല്‍പ്പള്ളി സീത ലവ കുശ ക്ഷേത്രത്തില്‍ എത്തുന്നത്.
യാഗാശ്വത്തെ ബന്ധിപ്പിച്ച് ലവകുശന്മാരുടെ അടുത്തെത്തിയ രാമന് സീതയുടെ ശുദ്ധി തെളിയിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ വീണ്ടും ദുഃഖിതയായ സീത തന്റെ മാതാവായ ഭൂമിദേവിയോട് തന്നെ സ്വീകരിക്കണമെന്നപേക്ഷിച്ചു. ഇത്തരത്തില്‍ മാതാവായ ഭൂമിദേവി, ഭൂമി പിളര്‍ന്ന് മകളായ സീതാദേവിയെ സ്വീകരിക്കുന്ന സമയത്ത് ശ്രീരാമന് അകത്തേക്ക് താഴുന്ന സീതയെ മുടിയില്‍ പിടിച്ച് വലിച്ചു. അങ്ങനെ സീതയുടെ ജഡ അറ്റ് രാമകരത്തില്‍ അവശേഷിച്ച പ്രദേശം ജഡയറ്റകാവ് എന്ന പേര് ലഭിച്ചു. പിന്നീട് ചേടാറ്റിന്‍ കാവ് ആയെന്നും സീതാദേവി ഇവിടെ ചേടാറ്റിലമ്മയായെന്നും ഐതീഹ്യം പറയുന്നു.
ഇപ്പോഴത്തെ സീതാ ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് സീതാദേവി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ക്ഷേത്രം. സീതാദേവിക്ഷേത്രത്തിലെത്തുന്നവര്‍ ചേടാറ്റിന്‍കാവില്‍ കൂടി തൊഴുതാല്‍ മാത്രമേ ക്ഷേത്രദര്‍ശനത്തിന്റെ പൂര്‍ണ്ണത ലഭിക്കുകയുള്ളു എന്നുമാണ് ഇവിടുത്തെ വിശ്വാസം. നെയ്യ് വിളക്ക് ഇവിടെ ഒരു പ്രധാന വഴിപാടാണ്. ചേടാറ്റിന്‍ കാവിലെ ക്ഷേത്രത്തില്‍ സപ്ത മാതൃക്കളുടെയും വീരഭദ്രന്റേയും ഗണപതിയുടേയും ഒരേ വലിപ്പത്തിലുള്ള 9 വിഗ്രഹങ്ങളാണുമാണുള്ളത്.
ആശ്രമക്കൊല്ലിയിലുള്ള പാറയിലാണ് വാത്മീകി മഹര്‍ഷി തപസ്സ് ചെയ്തിരുന്നതെന്നും രാമായണ രചന നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ശ്രീ പഴശ്ശി രാജയാണ് പുല്‍പ്പള്ളിയിലെ സീതാ ദേവി ക്ഷേത്രം പണികഴിപ്പിച്ചത്. വര്‍ഷങ്ങളോളം അദ്ദേഹം ക്ഷേത്രം കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം തന്റെ സൈനിക മേധാവികളുമായുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഈ ക്ഷേത്രത്തിന്റെ മുറ്റത്ത് വെച്ച് നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.
മൈസൂരിലെ ടിപ്പു സുല്‍ത്താന്‍ സൈനിക ആക്രമണത്തിനിടെ ഈ ക്ഷേത്രം നശിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നും സീതാദേവിയുടെ ശക്തിയാല്‍ ഉച്ചയോടെ സൃഷ്ടിക്കപ്പെട്ട ഇരുട്ട് കാരണം അദ്ദേഹത്തിന് പിന്‍വാങ്ങേണ്ടി വന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
പിന്നീട് ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ് കുപ്പത്തോട് കുടുംബത്തിന്റെയും വയനാട്ടിലെ പ്രശസ്ത നായര്‍ കുടുംബത്തിന്റെയും കൈകളിലെത്തി. അക്കാലത്ത് വയനാട്ടിലെ പ്രധാന ക്ഷേത്രങ്ങളില്‍ പലതും വിവിധ നായര്‍ കുടുംബങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. കുപ്പത്തോട് കുടുംബത്തിലെ മൂപ്പില്‍ നായര്‍ (തലവന്‍) കുടുംബത്തിന്റെ ആസ്ഥാനമായ നെല്ലരട്ട് ഇടമില് താമസിച്ചു. ഇപ്പോള്‍ പോലും, ഈ കുടുംബത്തിലെ ഒരു അംഗത്തെ ക്ഷേത്രത്തിന്റെ നടത്തിപ്പിനായി ട്രസ്റ്റിയായി നിയമിച്ചിരിക്കുന്നു.
ഇവിടെയുള്ള മന്ദാര വൃക്ഷത്തില്‍ നിത്യവും വിരിയുന്ന രണ്ടു പൂക്കള്‍ ദേവിയുടെ ഇരുമക്കളെയും അനുസ്മരിപ്പിക്കുന്നു. വയനാടിന്റെ മിക്ക ഭാഗങ്ങളിലും വളരെ സാധാരണമായി കാണപ്പെടുന്ന അട്ടകള്‍ ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്നില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത. മക്കളായ ലവ-കുശന്മാരെ കടിച്ച അട്ടകളെ ദേവി ശപിക്കുകയും മക്കളുടെ സുരക്ഷക്കായി തപോഭൂമിയില്‍ നിന്നും അട്ടകളെ അകറ്റിയെന്നുമാണ് ഐതീഹ്യം. വര്‍ഷം തോറും ജനുവരി മാസത്തില്‍ ആഘോഷിക്കുന്ന ക്ഷേത്രോത്സവം വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ ആകര്‍ഷിക്കുന്നു.
Post Your Comments