സുജാത ഭാസ്കര്
മാവേലിക്കരയിലെ പോരാട്ടം കടുത്ത മത്സരത്തിലേക്കാണ് പോകുന്നത് . സംവരണ മണ്ഡലമായ മാവേലിക്കരയിൽ അഞ്ചുവർഷത്തെ വികസനത്തിന്റെ തുടർച്ചയ്ക്ക് അവസരം അഭ്യർഥിച്ചാണ് എൽ.ഡി.എഫ്.സ്ഥാനാർഥിയും സിറ്റിംഗ് എം എൽ എ യുമായ ആർ.രാജേഷ് മാവേലിക്കരയിൽ ജനവിധി തേടുന്നത്.മാവേലിക്കരയിലെ ഭൂരിഭാഗം പഞ്ചായത്തും ഭരിക്കുന്നത് ഇടതുപക്ഷമാണ്. നിലവിൽ മാവേലിക്കര എം.എൽ.എ ആയ ആർ.രാജേഷ് എസ്.എഫ്.ഐലൂടെയാണ് പൊതുപ്രവർത്തനത്തിൽ ഇറങ്ങിയത്. സി.പി.എം.മാവേലിക്കര ഏരിയ കമ്മറ്റിഅംഗം,എസ്.എഫ്.ഐ ജില്ലാപ്രസിഡന്റ് ടി.കെ.എം.എം.കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവര്ത്തിച്ചിട്ടുണ്ട്.അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിലാണ് രാജേഷിനു പ്രതീക്ഷ. മണ്ഡലത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും ഭരണം നേടാനായത് അനുകൂലഘടകമായി എൽ.ഡി.എഫ്. കാണുന്നു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസിന് ദയനീയമായ പരാജയം നേരിടേണ്ടി വന്നു. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ എം.എൽ.എ. സ്വന്തം അക്കൗണ്ടിൽ എഴുതിച്ചേർക്കുകയാണെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.എങ്കിലും ഉമ്മൻചാണ്ടി സർക്കർ നടപ്പിലാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾ പൂർണ്ണമായും മണ്ഡലത്തിൽ എത്തിക്കാൻ എം.എൽ എയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന ആരോപണമാണ് യു.ഡി.എഫ് മുഖ്യമായും തെരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിക്കുന്നത്.കെ.പി.എം.എസ് പുന്നല വിഭാഗം മുൻ സംസ്ഥാനജനറൽ സെക്രട്ടറി ബൈജുകലാശാലയെ കളത്തിൽ ഇറക്കി നഷ്ടപ്പെട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണ യു.ഡി.എഫ്. 25 വർഷക്കാലമായി ഇടതുകോട്ടയായി അറിയപ്പെട്ടിരുന്ന പന്തളം നിയമസഭാമണ്ഡലം ജെ.എസ്.എസ്.നേതാവ് കെ.കെ.ഷാജുവിലൂടെയാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ സുപരിചിതനായ ബൈജു കലാശാലയെയാണ് മണ്ഡലം പിടിച്ചെടുക്കാനായി യു.ഡി.എഫ്. നിയോഗിച്ചിരിക്കുന്നത്. യു.ഡി.എഫ്.സർക്കാറിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് മുന്നണിയുടെ പ്രചാരണം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് എൻ.ഡി.എ. സ്ഥാനാർഥി പി.എം.വേലായുധന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനംമൂലം സംസ്ഥാനത്തെ സാധ്യതയുള്ള 20 മണ്ഡലങ്ങളുടെ പട്ടികയിലാണ് ബി.ജെ.പി.നേതൃത്വം മാവേലിക്കരയെ ഉൾപ്പെടുത്തിയിരിക്കുന്നത്.മാവേലിക്കര നഗരസഭയിൽ ഒൻപത് സീറ്റുകൾ നേടി മുഖ്യപ്രതിപക്ഷമായി. ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും യു.ഡി.എഫിനെ പിന്നിലാക്കി ബി.ജെ.പി.യാണ് മുഖ്യപ്രതിപക്ഷം. തെക്കേക്കര, പാലമേൽ പഞ്ചായത്തുകളിലൊഴികെ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി.ജെ.പി.ക്ക് ഇക്കുറി പ്രതിനിധികളെ വിജയിപ്പിക്കാനായി.വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമല്ലെന്ന് പ്രഖ്യാപിച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധനെ പാർട്ടി കളത്തിലിറക്കിയിരിക്കുന്നത്.നിരവധി സാമൂഹിക സാംസ്കാരികമേഖലകളിൽ പ്രവർത്തിക്കുന്നു. ആർ.എസ്. എസിലൂടെ പൊതുരംഗത്ത് ഇറങ്ങിയ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് വിയ്യൂർ സെൻട്രൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇരുപാർട്ടികളുടെയും അഴിമതിതന്നെയാണ് എൻ.ഡി.എ തെരഞ്ഞെടുപ്പിൽ ആയുധമാക്കിയിരിക്കുന്നത്. ഈഴവ വോട്ടുകൾ നിർണ്ണായകമാണ്. ബി ഡി ജെ എസിന് സ്വാധീനമുള്ള മണ്ഡലമാണ് ഇത്.
പ്രചരണരംഗത്ത് നിറഞ്ഞുനിൽക്കുന്ന വിഷയം കുടിവെള്ളമാണ്.ഇക്കുറി മാവേലിക്കരയിൽ ശക്തമായപോരാട്ടം തന്നെയാണ് നടക്കുന്നത് വിജയം ആർക്കും അത്ര എളുപ്പമാകില്ല.ഓണാട്ടുകര ഇത്തവണ ആരെ പിന്തുണയ്ക്കുമെന്നു കണ്ടറിയാം.
Post Your Comments