Kerala

എച്ച്.ഐ.വി., എയ്ഡ്‌സ് രോഗികള്‍ക്ക് ആശ്വാസമായി എ.ആര്‍.ടി. പ്ലസ് സെന്റര്‍

തിരുവനന്തപുരം: എച്ച്.ഐ.വി. ബാധിതര്‍ക്കും എയ്ഡ്‌സ് രോഗികള്‍ക്കും ആശ്വാസമായി മെഡിക്കല്‍ കോളേജില്‍ ആന്റി ട്രിട്രോ വൈറല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (എ.ആര്‍.ടി. പ്ലസ്) പ്രവര്‍ത്തന സജ്ജമായി.

എച്ച്.ഐ.വി. എയ്ഡ്‌സ് രോഗികള്‍ക്കായി 2004 മുതല്‍ മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി. സെന്റര്‍ വഴി ആദ്യഘട്ട ചികിത്സ നല്‍കി വരുന്നു. ശരാശരി 70 മുതല്‍ 100 രോഗികള്‍ വരെയാണ് ദിവസവും എ.ആര്‍.ടി. സെന്ററിലെത്തുന്നത്. ഈ ചികിത്സ ഫലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ട ചികിത്സയും പ്രത്യേക ചികിത്സയും നല്‍കേണ്ടതുണ്ട്. എന്നാല്‍ ദക്ഷിണ കേരളത്തില്‍ ഇത്തരം ചികിത്സ ലഭ്യമല്ലാത്തതിനാല്‍ തൃശൂര്‍, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവര്‍ക്ക് ചികിത്സതേടി പോകേണ്ടി വന്നിരുന്നു.

എയ്ഡ്‌സ് രോഗികളുടെ ഈ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി. സെന്ററിനെ എ.ആര്‍.ടി. പ്ലസ് സെന്ററായി ഉയര്‍ത്തിയത്.

രക്ത പരിശോധനയില്‍ എച്ച്.ഐ.വി. പോസിറ്റീവ് ആകുന്ന ഒരാളിന് നല്‍കുന്ന ചികിത്സയാണ് എ.ആര്‍.ടി. ഇത്തരക്കാര്‍ക്ക് എച്ച്.ഐ.വി. ടെസ്റ്റും സി.ഡി. 4 ടെസ്റ്റും നടത്തുന്നു. രക്തത്തിലെ സി.ഡി. 4 കൗണ്ടിന്റെ അളവ് 1000 മുതല്‍ 1400 വരെ വരുന്നത് സാധാരണ അവസ്ഥയാണ്. അത് കുറഞ്ഞ് 350ല്‍ താഴെ വരുമ്പോഴാണ് എയ്ഡ്‌സ് രോഗിയാകുന്നതും പ്രതിരോധ ശേഷി കുറഞ്ഞ് മറ്റസുഖങ്ങള്‍ വരുന്നതും.

എയ്ഡ്‌സ് രോഗത്തിന്റെ ചികിത്സ ആജീവനാന്തകാലമെടുക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായി മരുന്ന് കഴിക്കണം. നിരന്തരമായ മെഡിക്കല്‍ പരിശോധനയിലൂടെയുള്ള നിരീക്ഷണം രോഗികള്‍ക്കാവശ്യമാണ്. എയ്ഡ്‌സ് വന്ന് പ്രതിരോധ ശേഷി കുറയുമ്പോള്‍ മറ്റവയവങ്ങളെ ബാധിച്ച് ക്ഷയം, കാന്‍സര്‍, മറ്റിതര രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. എച്ച്.ഐ.വി. ബാധിതര്‍ ഗര്‍ഭം ധരിക്കുമ്പോഴും ക്ഷയരോഗമോ, മഞ്ഞപ്പിത്തമോ ബാധിക്കുമ്പോഴും സി.ഡി.4 ന്റെ എണ്ണം ആധാരമാക്കാതെ ഉടന്‍ ചികിത്സിക്കേണ്ടതാണ്.

കൃത്യമായി ചികിത്സയിലൂടെ ഇത്തരം രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാനാകും. പലപ്പോഴും ഈ രോഗം മൂടിവയ്ക്കുന്നതാണ് പ്രതിരോധ ശേഷി നഷ്ടപ്പെട്ട് മറ്റസുഖങ്ങളിലെത്തിക്കുന്നത്.

ലക്ഷങ്ങള്‍ വിലവരുന്ന എയ്ഡ്‌സ് രോഗത്തിനുള്ള മരുന്നും ചികിത്സയും തികച്ചും സൗജന്യമാണ്. എ.ആര്‍.ടി. പ്ലസ് ചികിത്സയ്ക്കുള്ള മരുന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുന്നതോടെ എ.ആര്‍.ടി. പ്ലസ് (രണ്ടാം ഘട്ടം) ചികിത്സ യാഥാര്‍ത്ഥ്യമാകും. വൈറസുകളുടെ കൗണ്ട് നോക്കുന്ന വൈറല്‍ലോഡ് മെഷിന്‍ ഉടന്‍ ഇവിടെ വരുന്നതോടു കൂടി എച്ച്.ഐ.വി. ബാധിതര്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയും വരില്ല.

ഡോ. ഷൈലജ എ.ആര്‍.ടി. പ്ലസ് സെന്ററിന്റെ മേധാവിയും ഡോ. സി. ജയകുമാര്‍ നോഡല്‍ ഓഫീസറുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button