KeralaIndia

വീണ്ടും വിരാട് ; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

മുംബൈ: വിരാട് കൊഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പ് ട്വന്റി-20 സെമി ഫൈനലില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ലോകകപ്പിലെ മൂന്നാം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി വിരാട് കൊഹ്‌ലി മുന്നില്‍നിന്നു നയിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 192 റണ്‍സെടുത്തു.

കൊഹ്‌ലി 47 പന്തില്‍നിന്നു 11 ബൌണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 89 റണ്‍സ് നേടി. ട്വന്റി 20യില്‍ കൊഹ്‌ലിയുടെ ഉയര്‍ന്ന സ്കോറാണിത്. ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ ധോണിക്കുമേലുണ്ടായ സമ്മര്‍ദം ഫലിച്ചതായാണ് ഇന്ത്യയുടെ തുടക്കം കാട്ടിത്തന്നത്. മെല്ലെത്തുടങ്ങിയ രോഹിത് ശര്‍മയും ധവാനു പകരമെത്തിയ അജിങ്ക്യ രഹാനെയും ടോപ് ഗിയറിലേക്കു മാറിയപ്പോള്‍ പവര്‍പ്ളേ ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സ് അടച്ചുകൂട്ടി. സ്കോര്‍ 62ല്‍ നില്‍ക്കെ രോഹിത് പുറത്തായെങ്കിലും (31 പന്തില്‍ 43) വിരാട് കൊഹ്‌ലി എത്തിയതോടെ ഇന്ത്യ വീണ്ടും വിന്‍ഡീസ് ബൌളിംഗിനുമേല്‍ ആധിപത്യം നേടി. ഡബിളുകളും ഇടയ്ക്ക് ബൌണ്ടറികളുമായി മുന്നേറിയ സംഘം രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒരറ്റത്തു നങ്കൂരമിട്ടുനിന്ന രഹാനെ (35 പന്തില്‍ 40) സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കൂറ്റനടിക്കു ശ്രമിച്ചു പുറത്താകുകയായിരുന്നു. തുടര്‍ന്ന് വീണ്ടുമൊരിക്കല്‍ കൂടി കൊഹ്‌ലിക്കൊപ്പമെത്തിയ നായകന്‍ ധോണിയും കൊഹ്‌ലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തി. തുടക്കത്തില്‍ രണ്ട്തവണ കൊഹ്‌ലി റണ്‍ഔട്ടില്‍നിന്നു രക്ഷപ്പെട്ടിരുന്നു. 9 പന്തില്‍ 15 റണ്‍സുമായി ധോണി പുറത്താകാതെനിന്നു. നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button