പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം വാച്ചര്‍ പിടിച്ച് തള്ളിയ സംഭവത്തില്‍ വിശദീകരണവുമായി ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍. തിക്കും തിരക്കും നിയന്ത്രിക്കാന്‍ വാച്ചര്‍ വേഗത്തില്‍ ആളുകളെ മാറ്റിയതാണെന്നാണ് കെ അനന്തഗോപന്‍ വിശദീകരിക്കുന്നത്. ബലംപ്രയോഗിച്ച് തള്ളി എന്നത് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് തോന്നിയതാണെന്നും ബോധപൂര്‍വ്വം ബലംപ്രയോഗിച്ചതല്ലെന്നും ദേവസ്വം പ്രസിഡന്റ് ന്യായീകരിക്കുന്നു.
പൊലീസുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് വേഗത്തില്‍ ആളെ മാറ്റിയത്. ജീവനക്കാരന്റെ ഇടപെടലില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ ഇത് സംബന്ധിച്ച് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും. കോടതി എടുക്കുന്ന തീരുമാനത്തിനനുസരിച്ച് തുടര്‍നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ജീവനക്കാരനെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റിയിരുന്നു.
വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നതിന് പിന്നാലെയാണ് ദേവസ്വം പ്രസിഡന്റ് വിശദീകരണവുമായി രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനും സ്‌പെഷല്‍ കമ്മീഷണര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
Post Your Comments