ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിലെ വിള്ളലുകള്‍. ഓരോ ദിവസം പിന്നിടുമ്പോഴും വലിയ വിള്ളലുകളാണ് നഗരത്തില്‍ പ്രത്യക്ഷമാകുന്നത്. ജോഷിമഠ് നഗരം പൂര്‍ണമായി ഇടിഞ്ഞുതകര്‍ന്നേക്കാമെന്ന് ഉപഗ്രഹചിത്രങ്ങളോടെയുള്ള റിപ്പോര്‍ട്ട്. ചെരിഞ്ഞുതുടങ്ങിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനിടെ ഇന്നലെ മഞ്ഞുവീഴ്ച ഉണ്ടായത് ജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പോലീസിനും കനത്ത വെല്ലുവിളിയായി.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ(ഇസ്രോ)യുടെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (എന്‍ആര്‍എസ്സി) ഇന്നലെ പുറത്തുവിട്ട ജോഷിമഠിന്റെ ഉപഗ്രഹചിത്രങ്ങളാണ് നഗരം മുഴുവന്‍ തകര്‍ന്നേക്കാമെന്ന സൂചന നല്‍കിയത്.
ഭൂമി തകര്‍ച്ചയെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെല്ലുവിളിയാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഉപഗ്രഹമായ സെന്റിനല്‍-1 എസ്എആര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പഠിച്ചതിനു ശേഷമാണ് ജോഷിമഠിലെ ഭൂമിതകര്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ പുറത്തുവിട്ടത്.
ജനുവരി 7, 10 തീയതികളില്‍ ഇസ്രോ ഏറ്റെടുത്ത ഇന്ത്യയുടെ പുതിയ കാര്‍ട്ടോസാറ്റ്-2 എസ് ഉപഗ്രഹം അയച്ച ഡേറ്റകളും മേഖലയിലെ സ്ഥിതി വിലയിരുത്താന്‍ സഹായകമായി. ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലിപാഡും നരസിംഹ ക്ഷേത്രവും ഉള്‍പ്പെടെ ജോഷിമഠ് നഗരം മുഴുവന്‍ അപായമേഖലയായി (സെന്‍സിറ്റീവ് സോണ്‍) അടയാളപ്പെടുത്തിയിട്ടുണ്ട്.
2022 ഏപ്രിലിനും നവംബറിനുമിടയില്‍ ജോഷിമഠില്‍ മന്ദഗതിയിലാണു ഭൂമി താഴ്ന്നതെന്നാണു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ സമയത്ത് ജോഷിമഠ് നഗരം 8.9 സെന്റിമീറ്റര്‍ താഴ്ന്നു.
എന്നാല്‍ ഡിസംബര്‍ 27നും ജനുവരി എട്ടാം തീയതിക്കുമിടയില്‍, ഭൂമിതകര്‍ച്ചയുടെ തീവ്രത വര്‍ധിച്ചു. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ജോഷിമഠ് 5.4 സെന്റിമീറ്റര്‍ താഴ്ന്നിട്ടുണ്ട്.
Post Your Comments