KeralaLatest NewsNews

പുരുഷാധിപത്യ സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളാണ് ബിജെപി സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന ആർഎസ്എസ് നിലപാട് രാജ്യത്തെങ്ങും ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ആർഎസ്എസിന് അവരുടെ തനിനിറം കാണിക്കാൻ സാധിക്കാത്തത് സമൂഹം ഒന്നടങ്കം ശക്തമായി നേരിടുമെന്ന അവസ്ഥയുള്ളതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വേദേതിഹാസത്തിന്റെയും അടിസ്ഥാനത്തിലല്ല ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന നിലപാട് ആർഎസ്എസ് സ്വീകരിക്കുന്നത്. ഹിറ്റ്ലറുടെ നാസിസമാണ് ഇതിന്റെ അടിസ്ഥാനം. കൂട്ടകശാപ്പാണ് ഹിറ്റ്ലറുടെ മാതൃക. അത് നടപ്പാക്കാമെന്നാണ് ആർഎസ്എസ് കരുതുന്നത്. എന്നാൽ, കേരളത്തിൽ ആർഎസ്എസിന്റെ വർഗീയ നീക്കങ്ങളെ നേരിട്ട് നിരവധിയാളുകൾക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. മതന്യൂനപക്ഷങ്ങൾക്ക് നേരെ ആർഎസ്എസ് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്താൻ കഴിയാത്ത മണ്ണാക്കി കേരളത്തെ മാറ്റാനാണ് അവർ ജീവൻ ബലിയർപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: തണുപ്പുകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കണോ? ദിവസവും രണ്ട് മുട്ട വീതം കഴിക്കൂ

ആർഎസ്എസിന്റെ ന്യൂനപക്ഷ വിരോധം മുസ്ലീം വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ചില പ്രീണന നയങ്ങൾ സംഘപരിവാർ ഇപ്പോൾ കേരളത്തിൽ നടത്തുന്നുണ്ട്. അത് തിരിച്ചറിയണം. കേരളത്തിലെ സംഘപരിവാറും കേരളത്തിന് പുറത്തുള്ള സംഘപരിവാറും വ്യത്യസ്തരല്ല. ന്യൂനപക്ഷം തങ്ങളുടെ നാട്ടിലുണ്ടാകരുതെന്ന തത്വസംഹിതയാണ് അവർക്കുള്ളത്. മുസ്ലിം വിഭാഗത്തിന് നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. ക്രൈസ്തവർക്കെതിരെയും ആക്രമണം നടക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുകയാണ്. ക്രിസ്ത്യൻ പള്ളികൾ വലിയ തോതിൽ അക്രമിക്കപ്പെടുന്നു. കർണാടകയിൽ 2021 ക്രിസ്മസ് ദിനത്തിൽ പള്ളി അക്രമിക്കപ്പെട്ടു. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ചത്തീസ്ഗഡിൽ ക്രിസ്ത്യൻ വിശ്വാസികളെ കൂട്ടത്തോടെ ആട്ടിയോടിക്കുന്ന സംഭവവുമുണ്ടായി. സ്ത്രീ സുരക്ഷയും ലിംഗപദവി സമത്വവുമെല്ലാം കേന്ദ്രം അട്ടിമറിക്കുകയാണ്. അന്ധവിശ്വാസവും അനാചാരവുമൊക്കെ സമൂഹത്തിൽ തിരിച്ചു കൊണ്ടുവരാൻ ബോധപൂർവം ശ്രമം നടക്കുന്നു. പലതിനും ഇരയാകുന്നത് സ്ത്രീകളാണ്. സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുമ്പോൾ പോലും അവരെ പഴിക്കുന്ന ഇരയധിക്ഷേപ (വിക്ടിം ഷെയ്മിങ്) സംസ്‌കാരം രാജ്യത്ത് നിലനിൽക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പുരുഷാധിപത്യ സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളാണ് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപി സർക്കാർ നടത്തുന്നത്. ബിൽക്കിസ് ബാനു കേസ് ഇതിനുദാഹരണമാണ്. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ബിജെപി മാലയിട്ടാണ് സ്വീകരിച്ചത്. കത്വയിൽ ആർഎസ്എസ് പ്രതികൾക്കായി റാലികൾ സംഘടിപ്പിച്ചു. സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിന്റെ ഉദാഹരണമാണ് ഇതെല്ലാം. ഇന്ത്യയിൽ ജീവിക്കുന്ന പൗരന്മാരെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ട സർക്കാർ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തെ ഭീതിയിലാക്കുന്നു. ഇതിനെതിരെ വലിയ തോതിൽ യോജിച്ച പോരാട്ടം വളർത്തിയെടുക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Read Also: ലാലേട്ടന്റെ ഒടിയൻ പ്രതിമ മോഷ്ടിച്ചത് ആളാകാൻ വേണ്ടിയാണെന്ന് ആരാധകൻ: സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി വിഎ ശ്രീകുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button