കൊച്ചി: പ്രസാദ് പി.ജെ. (54), പ്രസാദം വീട്, ചേപ്പാട് പി.ഒ. മുതുകുളം നോര്‍ത്ത്, ആലപ്പുഴ ആറുപേര്‍ക്ക് പുതുജീവിതം നല്കി യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച പ്രസാദിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്.
ഈ മാസം പതിനെട്ടാം തീയതി നടന്നുപോകുമ്പോള്‍ ആലപ്പുഴ രാമപുരത്തു വച്ച് പ്രസാദിനെ വാഹനമിടിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രസാദിനെ എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ എത്തിച്ചു. ശനിയാഴ്ച രാവിലെ 11.18ന് പ്രസാദിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് അവയവദാന സാധ്യതകളെക്കുറിച്ച് അറിയിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് പറഞ്ഞ് ഭാര്യ രാധാമണി ഭര്‍ത്താവിന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാനുള്ള പൂര്‍ണ സമ്മതം നല്കി. ഹൃദയം, കരള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമായതിനാല്‍ അവ എടുക്കാന്‍ തീരുമാനിച്ചു.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള മരണാന്തര അവയവദാന പദ്ധതിയായ മൃതസജ്ജീവനിയെ (കെ.എന്‍.ഒ.എസ്.) ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് ഓരോ അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളുകളില്‍ നിന്നും മുന്‍ഗണനാ ക്രമത്തില്‍ പ്രസാദിന്റെ അവയവങ്ങളുമായി ചേര്‍ച്ചയുള്ള ആളുകളെ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ കരളും ഒരു വൃക്കയും ലേക്ഷോര് ആശുപത്രിയിലെ ഷാജി തോമസ് (48) കോട്ടയം, ജോര്‍ജ് ജോസഫ് (60) ചേര്‍ത്തല എന്നിവര്‍ക്ക് നല്കി. കോട്ടയം കാരിത്താസ് ആശുപത്രിലെ ജോര്‍ജ് ദേവസ്യയ്ക്ക് ഹൃദയം നല്കി. അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ 2 രോഗികള്‍ക്ക് കണ്ണുകള്‍ നല്‍കും. ഒരു വൃക്ക സര്‍ക്കാര്‍ മേഖലയിലെ ആശുപത്രിക്ക് നല്‍കണമെന്നുള്ളതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് നല്കി. അങ്ങനെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 5 പേരുടെ വൃക്കയുമായുള്ള ചേര്‍ച്ച നോക്കുകയും ഏറ്റവും യോജിച്ച കേശവദാസപുരം സ്വദേശി വത്സല കുമാരിക്ക് (44) വൃക്ക നല്‍കുകയും ചെയ്തു
.
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജിവനക്കാരനാണ് മരണമടഞ്ഞ പ്രസാദ്. ഒരു മകനും മകളുമുണ്ട്.
മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനര്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഡോ. ജേക്കബ് ജോര്‍ജ്, ഡോ. മധുസൂദനന്, ഡോ. വേണുഗോപാല്‍, ടാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് പി.വി., വിനോദ്കുമാര്‍, വിശാഖ് എന്നിവരാണ് ഈ അവയവ ദാന പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത്.
Post Your Comments