ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളി ക്യാപ്റ്റനടക്കം യുഎഇ ദേശീയ ടീമിലെ ആറ് കളിക്കാർ. യുഎഇ ക്യാപ്റ്റൻ കണ്ണൂർ തലശ്ശേരി സ്വദേശി സിപി റിസ്വാൻ, വൈസ് ക്യാപ്റ്റൻ വൃത്യ അരവിന്ദ്, എയ്‌സ് ലെഗ് സ്പിന്നർ കാർത്തിക് മെയ്യപ്പൻ, യുവ ഓൾറൗണ്ടർമാരായ അയാൻ അഫ്‌സൽ ഖാൻ, അലിഷാൻ ഷറഫു, ബേസിൽ ഹമീദ് എന്നിവരാണ് ലേലത്തിൽ പങ്കെടുക്കാൻ ഒരുക്കം തുടങ്ങിയത്. ആറ് കളിക്കാര്‍ ചുരുക്കപ്പട്ടികയിൽപ്പെട്ടതോടെ ഏറ്റവും കൂടുതൽ പേർ ഉൾപ്പെടുന്ന അസോസിയേറ്റ് രാജ്യങ്ങളിലൊന്നായി യുഎഇ മാറി. ആറ് യുഎഇ താരങ്ങൾ ലേലത്തിന് ചുരുക്കപ്പട്ടികയിലിടം നേടുന്നത് ആദ്യമായാണ്.
നെതർലൻഡ്‌സ് (ഏഴ്), സിംബാബ്‌വെ (ആറ്), നമീബിയ (അഞ്ച്) എന്നിവയാണ് ലേലത്തിന് റജിസ്റ്റർ ചെയ്ത 991 കളിക്കാരിൽ ഏറ്റവും കൂടുതൽ കളിക്കാർ ഉള്ള മറ്റ് അസോസിയേറ്റ് രാജ്യങ്ങൾ.
ഹമീദിന്റെയും റിസ്‌വന്റെയും അടിസ്ഥാന വില 30 ലക്ഷം രൂപയും മറ്റു നാലു പേർക്ക് 20 ലക്ഷം രൂപയുമാണ്. ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് യുഎഇ ക്രിക്കറ്റ് താരങ്ങളുടെ ജനപ്രീതിക്ക് ഒരു കാരണം. രണ്ടാം തവണയും ട്വന്റി 20 ലോകകപ്പിനു യോഗ്യത നേടിയതിനു ശേഷം യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി 2022 മാറി. നമീബിയയ്‌ക്കെതിരെ ഏഴ് റൺസിന്റെ വിജയം നേടി ലോക കപ്പിലെ ആദ്യ വിജയവും രേഖപ്പെടുത്തി.
Post Your Comments