തൃശൂര്‍: രാജ്യത്തെ 75 എ വണ്‍ സ്റ്റേഷനുകളില്‍ ഏറ്റവും വൃത്തികുറഞ്ഞ റെയില്‍വേ സ്റ്റേഷനുകളിലൊന്നു തൃശൂരാണെന്നു പഠനറിപ്പോര്‍ട്ട്. വൃത്തിയുടെ കാര്യത്തില്‍ 67-ാം
റാങ്കാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനു ലഭിച്ചത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ടിഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് പഠനം നടത്തിയത്. തൃശൂരിലെത്തിയ 400 യാത്രക്കാരില്‍നിന്നും വിവരം ശേഖരിച്ചായിരുന്നു പഠനം. 40 ചോദ്യങ്ങളാണ് യാത്രക്കാരോടു ചോദിച്ചിരുന്നത്. എ വണ്‍ സ്റ്റേഷനുകളില്‍ 400 യാത്രക്കാരില്‍നിന്നും മറ്റു സ്റ്റേഷനുകളില്‍ 300 യാത്രക്കാരില്‍നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.
കേരളത്തിലെ മറ്റ് എ വണ്‍ സ്റ്റേഷനുകള്‍ വൃത്തിയുടെ കാര്യത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും ബഹുദൂരം മുന്നിലാണ്. എറണാകുളം സ്റ്റേഷന് 12-ാം
റാങ്കും കോഴിക്കോടിന് 25-ാം
റാങ്കും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് 32- ാം
ങ്കും ലഭിച്ചിട്ടുണ്ട്. ഏറ്റവും പിന്നിലായാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ സ്ഥാനം.
യാത്രക്കാരും വരുമാനവും കൂടുതലുള്ള തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ എ വണ്‍ സ്റ്റേഷനാക്കി ഉയര്‍ത്തിയെങ്കിലും യാതൊരു സൗകര്യങ്ങളും കൂടുതലായി ഒരുക്കിയിട്ടില്ല. ലിഫ്റ്റും എസ്‌കലേറ്ററും സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങിയിട്ടു മാസങ്ങളായിട്ടും ഇതുവരെയും പണികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. യാത്രക്കാര്‍ ഇപ്പോഴും വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ ട്രെയിന്‍ കയറുന്നതും ഇറങ്ങുന്നതും.
എ വിഭാഗത്തില്‍പെട്ട സ്റ്റേഷനുകളില്‍ പാലക്കാടിനു 32- ാം
സ്ഥാനമുണ്ട്. രാജ്യത്തു 332 സ്റ്റേഷനുകളാണ് എ വിഭാഗത്തിലുള്ളത്. കേരളത്തിലെ ഒട്ടുമിക്ക സ്റ്റേഷനുകളുടെയും നിലവാരം വളരെ മോശമാണെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. വൃത്തിയുടെ കാര്യത്തില്‍ മോശമായതിനെതുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്റെ നിലവാരമുയര്‍ത്താനുള്ള നടപടികള്‍ക്കും റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍ തുടക്കം കുറിച്ചു. സ്റ്റേഷന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് യാത്രക്കാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. തുടര്‍ന്നു സ്റ്റേഷന് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് നല്‍കി.
Post Your Comments