തിരുവനന്തപുരം : ദന്തചികിത്സാരംഗത്തെ തെറ്റായ പ്രവണതകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ ‘ഓപ്പറേഷന് മൗത്ത് വാഷ് പദ്ധതി’ ആരംഭിച്ചു. ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.അനീഷും എത്തിക്സ് കമ്മിറ്റി ചെയര്മാന് ഡോ.ഷാജി.കെ.ജോസഫും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. പത്തോളം പേരില്‍ നിന്ന് ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് വാങ്ങുകയും ചെയ്തു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നോട്ടീസുകളും സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങളും നല്‍കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സമിതി തീരുമാനിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനെതിരെയും മൂന്ന് ഡെന്റല്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടി ആരംഭിച്ചു. അവിടങ്ങളില്‍ ജോലി ചെയ്യുന്ന 15 ഡെന്റിസ്റ്റുകളുടെ രജിസ്ട്രേഷന് റദ്ദാക്കാനും നടപടി ആരംഭിച്ചതായി കൗണ്‍സില്‍ അറിയിച്ചു. ക്ലിനിക്കുകളിലെ ശുചിത്വം,അണുനശീകരണ പ്രവര്‍ത്തനങ്ങളും കൗണ്‍സില്‍ നിരീക്ഷിക്കും.
ക്ലിനിക്കുകളുടെ പരിസരത്തല്ലാതെ പരസ്യമോ ഹോര്‍ഡിങ്ങോ കണ്ടാല്‍ 0471-2302755, 9447262222 എന്നീ നമ്പറുകളില്‍ അറിയിക്കാം. ഈ മൊബൈല്‍ നമ്പറില്‍ വാട്സ്ആപ്പിലും അറിയിക്കാം. മറ്റു പരാതികള്‍ registrarkdc@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും നല്‍കാം
Post Your Comments