ന്യൂഡല്‍ഹി: മന്ത്രിമാര്‍ പൊതുഅധികാര കേന്ദ്രങ്ങളാണെന്നും, വിവരാവകാശ നിയമ (ആര്‍ടിഐ) പ്രകാരം സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍.
കമ്മീഷന്‍റെ ഉത്തരവ് പ്രകാരം പൊതുജനങ്ങള്‍ക്ക് മന്ത്രിമാരോടുള്ള ചോദ്യം ആര്‍ടിഐ അപേക്ഷ നല്‍കി നേരിട്ടു ചോദിക്കാം. ചോദ്യത്തിനുള്ള ഉത്തരം മന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കണം.
ഇതിലേക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ മന്ത്രിമാര്‍ക്കും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അടക്കം ജീവനക്കാരെ നല്‍കി മതിയായ പിന്തുണ നല്‍കണമെന്നും വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു ശുപാര്‍ശ ചെയ്തു.
ആര്‍ടിഐ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള സൌകര്യങ്ങള്‍ മന്ത്രിമാര്‍ക്കില്ലെന്നും മന്ത്രിയെന്നാല്‍ ഒരു വ്യക്തിയുടെ ഓഫീസാണെന്നും പൊതു അധികാരകേന്ദ്രമല്ലെന്നും ഉള്ള വാദങ്ങള്‍ സാധുതയില്ലാത്തതാണെന്നും കമ്മീഷന്‍ ഉത്തരവ് വ്യക്തമാക്കുന്നു.
കമ്മീഷന്‍റെ മറ്റൊരു നിര്‍ദ്ദേശപ്രകാരം സത്യപ്രതിജ്ഞാവേളയില്‍ ‘രഹസ്യം’ സൂക്ഷിക്കുമെന്നതിനു പകരം ‘സുതാര്യത’ പാലിക്കുമെന്ന സത്യം ചെയ്‌താല്‍ പാര്‍ലമെന്‍റ് പാസാക്കിയ ജനങ്ങളുടെ അറിയാനുള്ള അവകാശം മാനിക്കാനും ജനങ്ങള്‍ക്കു മുന്നില്‍ ഉത്തരം പറയാനും മന്ത്രിമാര്‍ ബാധ്യസ്ഥരായിത്തീരും.
കേന്ദ്രനിയമമന്ത്രിയെ പൊതുജനത്തിനു നേരിട്ടുകാണാനുള്ള സമയത്തെ സംബന്ധിച്ച് ഹേമന്ത് ദാഗെ എന്ന അഹമ്മദ്നഗര്‍ നിവാസി സമര്‍പ്പിച്ച പരാതി പരിഗണിച്ചു കൊണ്ടാണ് കമ്മീഷന്‍ മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങള്‍ നടത്തിയത്.
Post Your Comments