ദില്ലി: റേസിങ് പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇനി ബോളിവുഡ് സിനിമ കണ്ട് വിഷമിക്കണ്ട, കുറച്ച് വേഗത്തിലൊക്കെ നമുക്കും വാഹനമോടിക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇന്ത്യന്‍ റോഡുകളിലും ഉയര്‍ന്ന വേഗത്തില്‍ വാഹനമോടിക്കാം, ക്യാമറ പിടിക്കാതെ തന്നെ. മണിക്കൂറില്‍ 130-140 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ കഴിയുന്ന രീതിയിലേക്ക് നിയമം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
രാജ്യത്തെ എക്സ്പ്രസ് ഹൈവേകളിലാകും ഈ സൗകര്യം ലഭ്യമാകുകയെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ ഈ റോഡുകളില്‍ മണിക്കൂറില്‍ 100 കിലോമീറ്ററാണ് അനുവദനീയമായ വേഗപരിധി.
ചെറിയ വേഗത്തിലുള്ള വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇല്ലാത്ത റോഡുകളില്‍ വേഗപരിധി കൂട്ടാനാലോചിക്കുന്നതായി മുന്‍പ് തന്നെ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി മാത്രമാകും പുതിയ വേഗപരിധി നിശ്ചയിക്കുകയെന്നും ഗഡ്കരി അറിയിച്ചിരുന്നു. റോഡുകളിലേക്ക് വാഹനങ്ങള്‍ക്ക് കയറാനും ഇറങ്ങാനുമുള്ള പ്രവേശന കവാടങ്ങള്‍ കുറയ്ക്കാനും ആലോചിക്കുന്നുണ്ട്.
ചില നഗര പ്രദേശങ്ങളില്‍ വേഗപരിധി വര്‍ദ്ധിപ്പിക്കാന്‍ പോലീസും പ്രാദേശിക ഭരണകൂടങ്ങളും ആലോചിക്കുന്നുണ്ടെന്നും, ഇത് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു. മുംബൈ-വഡോദര, ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-അമൃത്സര്‍ അതിവേഗപാതകളിലെ വേഗപരിധിയില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ വേഗത കുറയ്ക്കണമെന്ന ആവശ്യവും പലയിടത്തും ശക്തമാണ്. 150 കിലോമീറ്ററില്‍ താഴെ മാത്രം വേഗപരിധിയുള്ള ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് സ്പീഡോമീറ്ററുകളില്‍ 200-280 വരെ വേഗതയെന്തിനെന്ന ചോദ്യവും സജീവമാണ്.
Post Your Comments