NewsIndia

രാജ്യദ്രോഹിയെ വെടിവെച്ച് കൊല്ലുന്നത് രാജ്യധര്‍മം

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുമെതിരെ വധഭീഷണിയുമായി ഡല്‍ഹി നഗരത്തില്‍ വീണ്ടും പോസ്റ്ററുകള്‍. വാട്‌സ് ആപില്‍ പ്രത്യക്ഷപ്പെടുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്യുന്ന പോസ്റ്റര്‍ വെള്ളിയാഴ്ച ജന്തര്‍ മന്ദര്‍ പരിസരത്താണ് പ്രത്യക്ഷപ്പെട്ടതെന്ന് പറയുന്നു. എന്നാല്‍ ജന്തര്‍ മന്ദര്‍ പരിസരത്ത് അന്വേഷണം നടത്തിയ പൊലീസിന് ഇത്തരത്തിലുള്ള ഒരു പോസ്റ്റര്‍ കണ്ടെത്താനായിട്ടില്ല.

‘ജെ.എന്‍.യുവിലെ ഈ രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുന്നത് രാജ്യധര്‍മമാണ്. ഉമര്‍ ഖാലിദിനെയും അനിബര്‍ ഭട്ടാചാര്യയേയും കനയ്യയേയും ഞാന്‍ വെടിവെച്ചുകൊല്ലും’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

ബല്‍ബീര്‍ സിങ് ഭാരതീയ എന്നയാളുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നയിച്ച സമരത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകനാണ് ഇയാളെന്നും പറയുന്നു. ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഫോണ്‍ നമ്പറും പോസ്റ്ററിലുണ്ട്.

‘ഭീകരവാദികളേക്കാള്‍ രാജ്യദ്രോഹികളില്‍ നിന്നാണ് ഇന്ത്യ ഭീഷണി നേരിടുന്നത്. അത്തരം രാജ്യദ്രോഹികള്‍ ശിക്ഷിക്കപ്പെടണം. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിനം രക്തസാക്ഷി ദിനമായി ആചരിച്ചവരെ ഞാന്‍ വെടിവെച്ച് കൊല്ലുമെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്

ജെ.എന്‍.യു വിദ്യാര്‍ഥികളെ പിന്തുണക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും പോസ്റ്ററില്‍ വിമര്‍ശിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഡല്‍ഹി പൊലീസ് സൂപ്രണ്ട് ജതിന്‍ നര്‍വാള്‍ അറിയിച്ചു. ജന്തര്‍ മന്ദര്‍ പരിസരത്ത് പോസ്റ്റര്‍ കണ്ടെത്താത്തതിനാല്‍ ഫോണ്‍നമ്പറില്‍ വിളിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇയാള്‍ തന്നെയാണോ പോസ്റ്റര്‍ പതിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നും ഇയാളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button