ന്യൂഡല്‍ഹി: അപകടങ്ങളും വൈകലും യാത്രക്കാരുടെ ബാഗേജുകള്‍ നഷ്ടപ്പെടലുമുള്‍പ്പെടെ യാത്രക്കാര്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ ഇനി വിമാന സര്‍വിസ് കമ്പനികള്‍ക്ക് കൂടുതല്‍ ബാധ്യതയാവും. അന്താരാഷ്ട്ര നിരക്കില്‍ നഷ്ടപരിഹാര ബാധ്യത വര്‍ധിപ്പിക്കാനുള്ള വ്യോമഗതാഗത ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ സാഹചര്യത്തിലാണിത്. രാഷ്ട്രപതിയുടെ ഒപ്പുകൂടി കിട്ടിയാല്‍ ഇതിന് നിയമപ്രാബല്യമാകും.
ആഗോള നിരക്കുകളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനികളെ ബാധ്യസ്ഥരാക്കുന്നു എന്നതാണ് ബില്ലിന്റെ പ്രത്യേകത. സ്‌പെഷല്‍ ഡ്രോയിങ് റൈറ്റ് (എസ്.ഡി.ആര്‍) അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിര്‍ണയിക്കുക. യു.എസ് ഡോളര്‍, യൂറോ, ജാപ്പനീസ് യെന്‍, യു.കെ പൗണ്ട് സ്റ്റെര്‍ലിങ് എന്നിവയുടെ വിനിമയ മൂല്യം അടിസ്ഥാനമാക്കിയാണ് എസ്.ഡി.ആറിന്റെ കറന്‍സി മൂല്യം നിര്‍ണയിക്കുക. നിലവിലെ നിരക്കനുസരിച്ച് ഒരു എസ്.ഡി.ആര്‍ ഏകദേശം 93 രൂപക്ക് തുല്യമാണ്. പുതിയ ബില്‍ പ്രകാരം മരണത്തിനോ ഗുരുതര പരിക്കിനോ ഇടയായാല്‍ കമ്പനികളുടെ നഷ്ടപരിഹാര ബാധ്യത ഒരു കോടി രൂപക്ക് മുകളിലാവും. വൈകലിന് യാത്രക്കാരന് നിലവില്‍ 3.86 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നതെങ്കില്‍ ഇനി 4.37 ലക്ഷം രൂപയോളമാകും.
Post Your Comments