ഗാസിയാബാദ്: ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്ന ടീമിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നു പറയുന്ന പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മറുപടി. ഇന്ത്യയിലെത്തുന്ന ആര്‍ക്കും സുരക്ഷ ഉറപ്പാണെന്നും അതില്‍ സംശയമൊന്നും തന്നെ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്ക് ടീമിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന വാദം മുറുകുന്നതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ട്വന്റി20 ലോകകപ്പിന് എത്തുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ സംബന്ധിച്ച് രേഖാമൂലം ഉറപ്പുനല്‍കില്ലെന്ന് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജു നേരത്തെ പറഞ്ഞിരുന്നു. ടീമിന് സുരക്ഷയൊരുക്കാം, എന്നാല്‍ ഇത് രേഖാമൂലം എഴുതിനല്‍കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യാ-പാക്ക് മല്‍സരം ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റിയെങ്കിലും പൂര്‍ണ സുരക്ഷ ഉറപ്പാക്കാതെ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണു പാക്ക് സര്‍ക്കാര്‍.
ഇന്ത്യയിലെ സുരക്ഷ ഉറപ്പുനല്‍കി കത്തു നല്‍കിയാല്‍ മാത്രമേ ടീമിനെ അയയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പാക്ക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാനാവില്ലെന്നും നിസാര്‍ അലി ഖാന്‍ ഇസ്ലാമാബാദില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താരങ്ങള്‍ ഇന്ത്യയില്‍ കളിക്കുമ്പോള്‍ അവര്‍ സമ്മര്‍ദവും ഭീഷണിയും നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ട്. ഭീഷണികള്‍ക്കു നടുവില്‍ എങ്ങനെ ക്രിക്കറ്റ് കളിക്കും? ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്. ആരെങ്കിലും താരങ്ങള്‍ക്കു നേരെ ഒരു കല്ലെടുത്തെറിഞ്ഞാല്‍ എന്തു ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി റിജ്ജു തന്നെ രംഗത്തെത്തിയത്.
അതേസമയം, ലോകകപ്പില്‍നിന്നു പാക്കിസ്ഥാന്‍ വിട്ടുനിന്നാല്‍ തങ്ങള്‍ക്കു നിയമവഴി സ്വീകരിക്കേണ്ടിവരുമെന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) മുന്നറിയിപ്പു നല്‍കി. ധര്‍മശാലയില്‍ നിന്നു മല്‍സരം മാറ്റിയതോടെ പാക്കിസ്ഥാന്റെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടുവെന്നും ലോകകപ്പില്‍ ടീമിനെ അയയ്‌ക്കേണ്ട ബാധ്യത പാക്കിസ്ഥാനുണ്ടെന്നും ഐ.സി.സി വ്യക്തമാക്കി. ഈ മാസം 19ന് ആണ് ഇന്ത്യാ-പാക്ക് പോരാട്ടം.
Post Your Comments