നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനും സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിക്കുമെതിരെ ആരോപണവുമായി പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ. പടവെട്ട് സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തിയെന്നും പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും ലിജു കൃഷ്ണ പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പടവെട്ട് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് താൻ സംവിധാനം ചെയ്ത സിനിമയിൽ നിന്നും തന്റെ പേര് തന്നെ ഒഴിവാക്കാൻ അവർ ശ്രമിച്ചെന്നും ലിജു കൃഷ്ണ ആരോപിച്ചു. പടവെട്ട് സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് താൻ അംഗീകരികാത്തിരുന്നതോടെയാണ് അവർക്ക് തന്നോട് വൈരാഗ്യം ഉണ്ടായതെന്നും ലിജു ആരോപിക്കുന്നു.
‘കഥ പറഞ്ഞ് തുടങ്ങിയ സമയത്ത് ചില തിരുത്തലുകൾ അവർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഞാനത് എടുത്തില്ല. അന്ന് തുടക്കത്തിൽ ഉണ്ടായ ഈഗോയാണ് നിവിൻ ഈ സിനിമ ചെയ്യേണ്ട എന്ന് പറഞ്ഞിട്ടുണ്ടാകണം, പക്ഷേ അത് തള്ളി നിവിൻ അത് ചെയ്യാനുള്ള ധൈര്യം കാണിച്ചു. ആ ഈഗോയിൽ നിന്ന് അവർ എന്നെ ടോർച്ചർ ചെയ്ത് കൊണ്ടേയിരുന്നു. ഹയാത്തിൽ വെച്ച് നടന്ന ഒരു പാർട്ടിയിലാണ് ഗീതു മോഹൻദാസ് എന്നെ വിളിച്ച് സംസാരിച്ചത്. അവർ മദ്യലഹരിയിലായിരുന്നു, ലിജു ഒന്നും പുറത്ത് പറയരുതെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നിങ്ങൾ എന്നോട് ചെയ്ത ദ്രോഹമെല്ലാം ഞാൻ പറയുമെന്നും. നിന്നെപ്പോലൊരു ആളെ മുന്നോട്ട് കൊണ്ടുപോകാൻ സമ്മതിക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പുഞ്ചിരിയോടെയാണ് ഞാൻ സമീപിച്ചത്. ഞങ്ങൾ സംസാരിക്കുന്നത് കണ്ട നിരവധി വ്യക്തികളുണ്ട്.
കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് ‘പടവെട്ട്’ ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയപ്പോൾ അപ്രതീക്ഷിതമായി ജീവിത്തിൽ പല സംഭവങ്ങളും നടന്നു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കേസിന് ശേഷം എന്റെ പ്രൊഡക്ഷൻ കമ്പനികൾക്കും സംഘടനകൾക്കുമെല്ലാം ലീഗൽ നോട്ടീസ് വന്ന് കൊണ്ടിരിക്കുകയായിരുന്നു. സിനിമയിൽ നിന്നും തന്റെ പേര് എടുത്ത് കളയുകയെന്നതായിരുന്ന ആവശ്യം’, ലിജു പറഞ്ഞു.
Post Your Comments