രാജ്യമെങ്ങും ഒക്ടോബർ 24 ന് ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ്. ദീപങ്ങളുടെ ഉത്സവമായ ഈ ആഘോഷത്തിൽ അതിരാവിലെ ശരീരമാസകലം എണ്ണ തേച്ചുകുളിക്കണമെന്ന് ഒരു പഴമൊഴി ഉണ്ട്. വിശ്വാസികൾ ഇന്നും അത് ചെയ്ത് പോരുന്നു. മറ്റുള്ള വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണ തേച്ചുകുളി നിഷിദ്ധമാണ്. എന്നാൽ, ദീപാവലിക്ക് എണ്ണ തേച്ചുകുളിക്കണമെന്നാണ് ചിട്ട. അതിനു പിന്നിലെ ഐതിഹ്യത്തെ ക്കുറിച്ചു അറിയാം.
ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷം. യുദ്ധത്തിൽ വിജയിച്ചു വന്നശേഷം ശരീരവേദനയകറ്റാൻ ഭഗവാൻ എണ്ണതേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ദിനത്തിൽ എണ്ണ തേച്ചുകുളിക്കണം എന്ന് പറയുന്നത്.
പ്രായഭേദമന്യേ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച് കുളിക്കുന്നത് സർവപാപങ്ങൾ നീങ്ങി അഭിവൃദ്ധിയുണ്ടാവാൻ ഉത്തമമാണെന്നാണ് വിശ്വാസം. കൂടാതെ, ഈ ദിവസം ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്. ജലാശയങ്ങളിൽ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. കുളി കഴിഞ്ഞാൽ സ്ത്രീകൾ രംഗോലികൾ വരയ്ക്കുകയും ദീപങ്ങൾ (വിളക്കുകൾ) കത്തിക്കുകയും ചെയ്യുന്നു. വിളക്കുകൾ ഉത്സവത്തിന്റെ ആഗമനത്തെ സൂചിപ്പിക്കുന്നു. കുട്ടികൾ പടക്കം പൊട്ടിക്കുന്നു. കുടുംബങ്ങൾ ഒരുമിച്ച് മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കുന്നു. ദീപാവലി എല്ലാ ഹൃദയങ്ങളിലും സന്തോഷവും ആവേശവും നിറയ്ക്കുന്നു. ആഘോഷം എല്ലാവരേയും ദൈവികമായി അനുഭവിപ്പിക്കുന്നു.
Post Your Comments